പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ പത്ത് വയസ്സുകാരന്റെ മൃതദേഹം കാട്ടിൽ നിന്ന് കണ്ടെടുത്തു. തിങ്കളാഴ്ചയാണ് കുട്ടിയെ കാണാനില്ലെന്ന് പിതാവ് അമർ സിങ് പൊലീസിൽ പരാതി നൽകിയത്. കളിക്കാൻ പുറത്തുപോയ കുട്ടി രാത്രിയായിട്ടും തിരികെ വരാതിരുന്നതിനെ തുടർന്നാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. കാണാതാകുന്നതിന് തൊട്ടുമുമ്പ് കുട്ടിയുടെ സുഹൃത്തായ 15 വയസ്സുകാരൻ കൂടെയുണ്ടായിരുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്ന് ഈ കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ചൊവ്വാഴ്ച രാത്രിയോടെ റെയിൽവേ വർക്ക്‌ഷോപ്പിന് എതിർവശത്തുള്ള കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ ശരീരത്തിൽ മാരകമായ പരിക്കുകൾ ഉണ്ടായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രക്തം പുരണ്ട ഒരു കല്ല് പൊലീസ് കണ്ടെടുത്തു. കല്ലുകൊണ്ട് തലക്കടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചതാകാം. കാട്ടുനായ്ക്കളോ മറ്റോ കടിച്ചു കീറിയത് മൂലമാണ് മൃതദേഹം കൂടുതൽ വികൃതമായ രൂപത്തിലായത് എന്നാണ് സംശയം. കേവലം 100 രൂപയെ ചൊല്ലിയുള്ള തർക്കമാണ് ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുള്ളത്. എങ്കിലും സംഭവത്തിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.