ന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പൂർണ സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ടെന്നും തങ്ങളുടെ വിശ്വാസവും ജീവിതരീതിയും യാതൊരു തടസ്സവുമില്ലാതെ പിന്തുടരാൻ സാധിക്കുന്നുണ്ടെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും അവർക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ചിലർ പറയാറുണ്ട്. അത് പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണം മാത്രമാണ്. പ്രതിപക്ഷ പാർട്ടികൾ പറയുന്നതെല്ലാം വിശ്വസിക്കാതെ ജനങ്ങൾ വസ്തുതകളും മോദി സർക്കാറിന്റെ പ്രവർത്തനങ്ങളും വിലയിരുത്തണം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ന്യൂനപക്ഷ കാര്യ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില പ്രദേശങ്ങളിൽ സമുദായങ്ങൾക്കിടയിൽ ഉണ്ടാകുന്ന ഒറ്റപ്പെട്ട തർക്കങ്ങളെ വലിയ രീതിയിലുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയല്ല. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ചില ഗ്രൂപ്പുകൾ ഇന്ത്യക്കെതിരെ ബോധപൂർവം കുപ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ വളരെ വലുതാണെന്നും അതൊരു പ്രത്യേക രാജ്യമായി പരിഗണിച്ചാൽ ജനസംഖ്യയിൽ ലോകത്തിൽ ആറാം സ്ഥാനത്തായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ യാതൊരുവിധ വിവേചനവുമില്ലെന്നും ഇന്ത്യൻ പൗരന് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും എല്ലാവർക്കും തുല്യമായി ലഭിക്കുമെന്നും റിജിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.