സ്ത്രീ കരഞ്ഞതുകൊണ്ട് സ്ത്രീധന പീഡനമെന്ന് പറയനാകില്ല -ഡൽഹി ഹൈകോടതി

ന്യൂഡൽഹി: സ്ത്രീ കരഞ്ഞതുകൊണ്ട് മാത്രം സ്ത്രീധന പീഡനമെന്ന് കണക്കാക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈകോടതി. ഭർത്താവിനെതിരെയും ഭർതൃ കുടുംബത്തിനെതിരെയും 2014ൽ മരിച്ച യുവതിയുടെ കുടുംബം നൽകിയ കേസിലാണ് കോടതി പരാമർശം. കേസിലെ സ്ത്രീധന പീഡന കുറ്റത്തിൽനിന്ന് ഭർത്താവിനെയും കുടുംബത്തെയും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ യുവതിയുടെ കുടുംബം നൽകിയ ഹരജി തള്ളിയാണ് ഡൽഹി ഹൈകോടതി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, യുവതിയുടെ മരണം ന്യൂമോണിയ മൂലമാണെന്ന് കണ്ടെത്തി ഭർത്താവിനെ കോടതി വെറുതെവിടുകയും ചെയ്തു.

2010ലായിരുന്നു യുവതിയുടെ വിവാഹം. രണ്ടു മക്കളുടെ അമ്മയായ യുവതി 2014 മാർച്ച് 31ന് മരിച്ചു. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിക്ക് പീഡനം നേരിടേണ്ടിവന്നുവെന്ന് പ്രോസിക്യൂഷൻ പറയുന്നു. ഭർതൃ വീട്ടുകാർ ബൈക്കും പണവും സ്വർണവും ആവശ്യപ്പെട്ടെന്ന് യുവതിയുടെ വീട്ടുകാർ പരാതിയിൽ പറഞ്ഞിരുന്നു. ഒരിക്കൽ താൻ ഫോണിൽ വിളിച്ചപ്പോൾ തന്‍റെ സഹോദരി കരയുകയായിരുന്നെന്ന് സഹോദരിയും മൊഴി നൽകിയിരുന്നു.

ഈ മൊഴിയെ എതിർത്ത്, കരഞ്ഞതുകൊണ്ട് മാത്രം സ്ത്രീധന പീഡനത്തിന് കേസ് ഉന്നയിക്കാൻ കഴിയില്ല എന്ന് ജഡ്ജി നീന ബൻസാൽ കൃഷ്ണ പറഞ്ഞു. യുവതിയുടെ പിതാവ് പ്രത്യേക സംഭവങ്ങൾ പരാമർശിക്കുകയോ മരുമകന് പണം നൽകിയതിന് തെളിവ് നൽകുകയോ ചെയ്തിട്ടില്ലെന്നും ജഡ്ജി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ ഇത്തരം പൊള്ളയായ പ്രസ്താവനകൾ പ്രഥമദൃഷ്ട്യാ പീഡനക്കേസായി കണക്കാക്കാൻ കഴിയില്ല എന്നും ജഡ്ജി കൂട്ടിച്ചേർത്തു.

Tags:    
News Summary - Merely crying of woman cannot make out case of dowry harassment says Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.