ന്യൂഡൽഹി: ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്നവർക്കായി സഹായഹസ്തവുമായി എത്തിയ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദിയുമായി കോക്രോച്ച് ജനതാ പാർട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളുടെ അളവറ്റ പിന്തുണയും സ്നേഹവും കാരണം ആവശ്യത്തിലധികം ഭക്ഷണവും അവശ്യവസ്തുക്കളും ഇതിനോടകം തന്നെ ജന്തർമന്തറിൽ എത്തിച്ചേർന്നിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണവും സാധനങ്ങളും ലഭിച്ചുകഴിഞ്ഞ സാഹചര്യത്തിൽ സമരം ചെയ്യുന്നവർക്കായി ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി ഭക്ഷണവും അവശ്യവസ്തുക്കളും അയക്കുന്നത് നിർത്തിവെക്കണമെന്ന് സി.ജെ.പി അഭ്യർത്ഥിച്ചു.
സാധനങ്ങൾ അമിതമായി എത്തിച്ചേർന്ന് അത് പാഴായിപ്പോകുന്നത് ഒഴിവാക്കാനാണ് ഈയൊരു അടിയന്തര അഭ്യർത്ഥന. ഇത്രയും നാൾ വലിയ തോതിൽ ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചുനൽകിയ ഏവർക്കും പാർട്ടി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജന്തർമന്തറിലേക്ക് ഇനി ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും അയക്കരുതെന്ന് പാർട്ടി വ്യക്തമാക്കി. നിലവിലുള്ള ആവശ്യങ്ങളെല്ലാം പൂർണമായി നിറവേറ്റപ്പെട്ടിട്ടുണ്ടെന്നും, ഭാവിയിൽ വീണ്ടും എന്തെങ്കിലും ആവശ്യങ്ങൾ വരുകയാണെങ്കിൽ അത് അന്നേ ദിവസം തന്നെ അറിയിക്കുമെന്നും പോസ്റ്റിൽ അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങൾക്ക് ആവശ്യസാധനങ്ങളും ഭക്ഷണവും എത്തിച്ചവർക്ക് നന്ദി അറിയിച്ച് പോസ്റ്റ് ചെയ്തത്.
കനത്ത പൊലീസ് നടപടികൾക്കും ലാത്തിച്ചാർജിനും ശേഷം തകർത്തുകളഞ്ഞ സമരപ്പന്തലുകൾ വീണ്ടും ഉയർത്തി പ്രവർത്തകർ ജന്തർമന്തറിൽ വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. മഴയെയും വൻ പൊലീസ് സന്നാഹത്തെയും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സമരവേദിയിലേക്ക് വീണ്ടും എത്തിയത്.
അതേസമയം 'സൻസദ് ചലോ' മാർച്ചിലുണ്ടായ സംഘർഷങ്ങളും വാഹനാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ആറ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വലിയ തോതിലുള്ള അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കലുമാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ പക്ഷം. ഇന്റർനെറ്റ് വിച്ഛേദിച്ചുകൊണ്ടുള്ള കർശന സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തുവന്നു. വിദ്യാർഥികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും 'രാഷ്ട്രീയ ഉപകരണങ്ങളായി' ഉപയോഗിക്കുകയാണെന്ന് ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. പാർലമെന്റ് വർഷകാല സമ്മേളനത്തിൽ മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.