സൂറത്ത്: വ്യാജ ബാങ്കിങ്-സർക്കാർ ആപുകൾ നിർമിച്ച് രാജ്യത്തുടനീളം 64 കോടിയിലധികം രൂപ കവർന്ന വൻ സൈബർ തട്ടിപ്പ് സംഘത്തിന്റെ സൂത്രധാരൻ പൊലീസിന്റെ പിടിയിലായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ) ടെലിഗ്രാമും ഉപയോഗിച്ച് വ്യാജ ആപ്ലിക്കേഷനുകൾ നിർമിച്ച് നൽകിയിരുന്ന 18കാരനായ രോഹിത് വിരേന്ദ്രസിങ് ശാക്യയെയാണ് സൂറത്ത് സിറ്റി സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹോട്ടലിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പതിനൊന്നാം ക്ലാസിൽ പഠനം ഉപേക്ഷിച്ച രോഹിത്, പതിനാറാം വയസ്സോടെ കോഡിങ്ങിൽ വിദഗ്ധനായി മാറുകയായിരുന്നു. പ്രമുഖ ബാങ്കുകൾ, സർക്കാർ സേവനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പേരുകളിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാജ ‘എ.പി.കെ’ (APK) ഫയലുകളാണ് ഇയാൾ നിർമ്മിച്ചത്.ഝാർഖണ്ഡ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ ക്രിമിനൽ സംഘങ്ങൾക്കാണ് ഇയാൾ ഈ സോഫ്റ്റ്‌വേയറുകൾ വിറ്റുപോന്നത്. പ്രതിമാസം 15,000 രൂപ വരിസംഖ്യ ഈടാക്കിയായിരുന്നു ഇയാൾ തട്ടിപ്പ് സംഘങ്ങൾക്ക് വ്യാജ ആപ്പുകൾ നൽകിയിരുന്നത്.
സാധാരണക്കാരായ ആളുകൾ അറിയാതെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന വിക്ടിം ആപ്, ഇരകളുടെ ഫോണിലെ ഒ.ടി.പി, ബാങ്കിങ് വിവരങ്ങൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ തത്സമയം ചോർത്താൻ തട്ടിപ്പുകാരെ സഹായിക്കുന്ന അഡ്മിൻ ആപ് എന്നിങ്ങനെ രണ്ട് തരം ആപ്ലിക്കേഷനുകളാണ് രോഹിത് വികസിപ്പിച്ചെടുത്തിരുന്നത്.
എസ്.ബി.ഐ, പി.എൻ.ബി, ആക്സിസ് ബാങ്ക്, യു.സി.ഒ ബാങ്ക്, ഐ.സി.ഐ.സി.ഐ, യൂനിയൻ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെയും, ബിഗ് ബാസ്കറ്റ്, അമേരിക്കൻ എക്സ്പ്രസ്, ആധാർ സേവനങ്ങൾ, പി.എം കിസാൻ, ആർ.ടി.ഒ ചലാൻ പേയ്‌മെന്റ് പോർട്ടലുകൾ എന്നിവയുടെയും വ്യാജ പതിപ്പുകളാണ് ഇയാൾ നിർമിച്ചു നൽകിയിരുന്നത്.
കഴിഞ്ഞ മേയിൽ സൂറത്ത് സ്വദേശിയായ ഒരാൾക്ക് സൈബർ തട്ടിപ്പിൽ അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. മേയ് 15-18നും ഇടയിൽ വാട്സ്ആപ്പ് വഴി ലഭിച്ച ‘PNB One.apk’ എന്ന ഫയൽ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക ആപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇയാൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയ തട്ടിപ്പുകാർ പ്രൈം കോ ഓപറേറ്റീവ് ബാങ്ക് അക്കൗണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ യൂനിയൻ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ഇരയായ വ്യക്തി സൈബർ ഹെൽപ്പ്‌ലൈനിൽ (1930) പരാതി നൽകിയതോടെ സൂറത്ത് സൈബർ ക്രൈം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യവ്യാപകമായി പടർന്നുപന്തലിച്ച വൻ സൈബർ ശൃംഖലയാണെന്നും ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.
പ്രതി രോഹിത് ശാക്യ നിർമിച്ച 121 വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ രാജ്യത്തുടനീളമുള്ള 21,672 ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതിൽ 2,928 ഫോണുകളിലെ പൂർണ വിവരങ്ങളും തട്ടിപ്പുകാർ ചോർത്തി. ഇത്തരത്തിൽ 64.38 കോടി രൂപയുടെ 54,094 വ്യാജ ബാങ്കിങ് ഇടപാടുകൾ നടന്നതായി കണ്ടെത്തി. ആർ.ടി.ഒ ചലാന്റെ പേരിലുള്ള വ്യാജ ആപ്പുകൾ വഴിയാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നിട്ടുള്ളത്. തൊട്ടുപിന്നിൽ എസ്.ബി.ഐ, പി.എൻ.ബി ബാങ്കുകളുടെ വ്യാജ ആപ്പുകളുമുണ്ട്.
ടെലിഗ്രാം വഴിയാണ് ഇയാൾ ഈ വ്യാജ ആപ്പുകൾ തട്ടിപ്പ് സംഘങ്ങൾക്ക് വിതരണം ചെയ്തിരുന്നത്. പ്രതിമാസ തുകയ്ക്ക് പുറമെ ആപ്പുകളുടെ അപ്‌ഡേറ്റുകളും പരിപാലനവും ഇയാൾ തന്നെ ചെയ്തു നൽകിയിരുന്നു. പ്രതിയിൽനിന്ന് രണ്ട് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും മറ്റ് സംഘങ്ങൾക്ക് ഇയാൾ സോഫ്റ്റ്‌വെയർ നൽകിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.