ന്യുഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടുള്ള പൊലീസ് സമീപനം ഇന്ത്യയിലെ ജനാധിപത്യത്തിന്‍റെ അപകടമാണ് തുറന്ന് കാണിക്കുന്നതെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. ഇന്നലെ കോൺഗ്രസ് നടത്തിയ സമരത്തിൽ രാഹുൽ ഗാന്ധിയുടെ മൂക്കിന് പരിക്കേറ്റിരുന്നു. എന്നാൽ പരിക്ക് ഗൗനിക്കേണ്ടതില്ലെന്നും സമരവുമായി മുന്നോട്ട് പോകാനുമാണ് അദ്ദേഹം തയ്യാറായതെന്നും മന്ത്രി കൂട്ടിചേർത്തു. സമരവേദിയിൽ നിന്ന് വലിച്ചിഴച്ചാണ് രാഹുൽ ഗാന്ധിയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. തിങ്കളാഴ്ച നടന്ന സി.ജെ.പി സമരത്തിൽ വിദ്യാർഥികൾക്ക് നേരെ നടത്തിയ ക്രൂരമായ പൊലീസ് ഇടപെടലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇത്തരമൊരു നടപടി സ്വീകരിക്കാൻ കാരണമായത്.
നീറ്റ് പോലെയുള്ള രാജ്യത്തെ പ്രധാന പരീക്ഷകളുടെ വിശ്വാസ്യത തകർന്ന് കൊണ്ടിരിക്കുന്നു എന്നുള്ളതാണ് പ്രധാനം. ഇരുപതോളം കുട്ടികളുടെ ആത്മഹത്യ രാജ്യത്തിന്‍റെ മനസാക്ഷിയെ പിടിച്ച് കുലുക്കിയ സംഭവമാണ്. ഈ വിഷയങ്ങളൊക്കെയും നിരന്തരം പാർലമെന്‍റിന് അകത്തും പുറത്തും ഉന്നയിക്കുന്ന രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. ഇതിലൊക്കെയും രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് അദ്ദേഹം നേതൃത്വം നൽകിയിട്ടുമുണ്ട്. കോട്ടയിൽ നടന്ന പ്രതിഷേധ പരിപാടിയിലും രാഹുൽ ഗാന്ധി ഉണ്ടായിരുന്നു. നിരവധി വിദ്യാർഥികളാണ് അന്ന് പങ്കെടുത്തത്. ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഈ സമരത്തിന്‍റെ ഭാഗമായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ആഗസ്റ്റ് ഒമ്പതിന് ഡൽഹിയിൽ വെച്ച് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ജന്തർമന്തറിലെ സമരത്തിന് മുന്നോടിയായി തന്നെ ദേശ വ്യാപക സമരം ആരംഭിക്കുകയും അതിന് നേതൃത്വം കൊടുത്തയാളുമാണ് രാഹുൽ ഗാന്ധിയെന്നും വിഷയത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ടൂറിസം മന്ത്രിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചക്ക് ഡൽഹിയിൽ എത്തിയതായിരുന്നു മന്ത്രി പി.സി വിഷ്ണുനാഥ്. ഇന്നലെ കോൺഗ്രസ് നടത്തിയ സമരത്തിനിടെ അറസ്റ്റ് ചെയ്തവരിൽ മന്ത്രിയുമുണ്ടായിരുന്നു. സമരം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും പൊലീസ് അവിടേക്ക് വരാൻ സമ്മതിച്ചില്ല. പിന്നീട് സമരത്തിൽ പങ്കെടുക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.