നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്റെ മകൾ നൈമിഷ പ്രധാൻ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിസീബിൾ ചെയ്തു. വിദേശത്തെ പ്രമുഖ സർവ്വകലാശാലയിൽ ഉപരിപഠനം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിമർശനങ്ങളും നേരിടേണ്ടി വന്നതിന് പിന്നാലെയാണ് ഈ നടപടി. യു.എസിലെ മസാച്യുസെറ്റ്‌സിലുള്ള ടഫ്റ്റ്‌സ് സർവകലാശാലയിലെ ഫ്ലെച്ചർ സ്‌കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്നാണ് നൈമിഷ എൽ.എൽ.എം ബിരുദം പൂർത്തിയാക്കിയത്.
ഡൽഹി ജന്തർ മന്തറിൽ കോക്ക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി) വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പരീക്ഷാ അട്ടിമറികൾക്കെതിരെ പാർലമെന്റിലേക്ക് നടത്തിയ ഈ മാർച്ചിന് നേരെ പൊലീസ് ശക്തമായ ബലപ്രയോഗവും ലാത്തിച്ചാർജ്ജ് നടത്തുകയും ചെയ്തതോടെയാണ് ഇൻസ്റ്റാഗ്രാമിൽ പ്രതിഷേധം കടുത്തത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ നൈമിഷയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തുകയും അവരുടെ പോസ്റ്റുകൾക്ക് താഴെ കമന്റുകളിലൂടെയും ടാഗുകളിലൂടെയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമ്പോൾ വിദ്യാഭ്യാസ മന്ത്രിയുടെ മകൾ വിദേശത്ത് പഠിക്കാൻ പോയതിനെ ചോദ്യം ചെയ്താണ് ഭൂരിഭാഗം പേരും രംഗത്തെത്തിയത്. 'ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെടുന്നു എന്ന് നന്നായി അറിയാവുന്നത് കൊണ്ടാണ് നിങ്ങൾ വിദേശത്ത് പഠിക്കാൻ പോയത്. സാമ്പത്തികശേഷിയും സൗകര്യവുമുള്ള മറ്റ് വിദ്യാർത്ഥികളും ഇത് തന്നെയാണ് ചെയ്യുക,' എന്നിങ്ങനെയുള്ള വിമർശനങ്ങൾ കമന്റ് ബോക്സുകളിൽ നിറഞ്ഞു. നൈമിഷ പഠിച്ച ടഫ്റ്റ്‌സ് സർവകലാശാലയുടെ സോഷ്യൽ മീഡിയ പേജുകളിലും ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങൾ കൊണ്ട് നിറഞ്ഞു.
അതേസമയം, ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായവ്യത്യാസങ്ങളും ഉയർന്നുവന്നിട്ടുണ്ട്. തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കില്ലാത്ത കുടുംബാംഗങ്ങളെയും മക്കളെയും രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രിയോട് മാത്രമാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടി.
ഇതിനിടെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തി. കോൺഗ്രസും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളെ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർലമെന്റിന്റെ മൺസൂൺ സെഷനിൽ തടസ്സങ്ങൾ സൃഷ്ടിക്കുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും നീറ്റ് വിഷയത്തിൽ പാർലമെന്റിൽ തുറന്ന ചർച്ചക്ക് സർക്കാർ 100% തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളത് രാഷ്ട്രീയ നാടകങ്ങളല്ല, മറിച്ച് കൃത്യമായ ഉത്തരങ്ങളും പരിഷ്കാരങ്ങളുമാണെന്നും സർക്കാർ അതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.