ന്യൂയോർക്ക്: ഒമാൻ തീരത്ത് യു.എസ് വ്യോമാക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട 'സെറ്റെബെല്ലോ' എണ്ണക്കപ്പലിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. ആക്രമണ സമയത്ത് കപ്പൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നില്ലെന്നും, എഞ്ചിൻ ഓഫ് ചെയ്ത് കടലിൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മറ്റൊരു കപ്പലിൽ നിന്ന് എണ്ണ കൈമാറ്റം ചെയ്യുന്നതിനായി കാത്തുനിൽക്കുകയായിരുന്നു കപ്പൽ. ജീവനക്കാരുടെ വിവരങ്ങൾ, യു.എസ് സൈനിക ഉദ്യോഗസ്ഥർ, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ അഞ്ച് വർഷമായി ഇറാനിയൻ എണ്ണ കടത്തുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കപ്പലാണ് സെറ്റെബെല്ലോയെന്ന് യു.എസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഔദ്യോഗികമായി ഈ കപ്പൽ അമേരിക്കയുടെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ചൈനയിലെ ലിയാൻയുഗാങ് തുറമുഖത്തുനിന്നും പുറപ്പെട്ട് ഏപ്രിൽ അവസാനത്തോടെയാണ് കപ്പൽ ഒമാൻ കടലിടുക്കിലെത്തിയത്. ജൂൺ ആദ്യവാരത്തിൽ സമുദ്രത്തിൽ വെച്ച് മറ്റ് ചില കപ്പലുകളിൽ നിന്നും ഈ കപ്പൽ എണ്ണ ലോഡ് ചെയ്തിരുന്നുവെന്ന് ജീവനക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ യു.എസ് സൈന്യവും കപ്പലിലെ ജീവനക്കാരും തമ്മിൽ തികച്ചും വിരുദ്ധമായ വാദങ്ങളാണ് ഉയർത്തുന്നത്. കപ്പലിലെ എണ്ണയുടെ ഉറവിടം ഇറാനാണെന്നും, ഇറാനെതിരെയുള്ള നാവിക ഉപരോധം മറികടക്കാൻ കപ്പൽ ശ്രമിച്ചെന്നുമാണ് യു.എസ് സെൻട്രൽ കമാൻഡിന്റെ നിലപാട്. ആക്രമണത്തിന് മുൻപുള്ള ദിവസങ്ങളിൽ റേഡിയോ വഴി നൽകിയ 60ലധികം മുന്നറിയിപ്പുകൾ കപ്പൽ ജീവനക്കാർ അവഗണിച്ചുവെന്നും, പലപ്പോഴും പ്രകോപനപരമായി പ്രതികരിച്ചുവെന്നും യു.എസ് സെൻട്രൽ കമാൻഡ് പറയുന്നു. ഫ്ലെയറുകൾ പ്രകാശനം ചെയ്യുക, യുദ്ധവിമാനങ്ങൾ താഴ്ത്തിപ്പറത്തുക തുടങ്ങിയ എട്ട് ശക്തിപ്രകടനങ്ങൾ നടത്തിയിട്ടും കപ്പൽ പിന്തിരിയാൻ കൂട്ടാക്കിയില്ലെന്നുമാണ് യു.എസ് സൈന്യത്തിന്റെ അവകാശവാദം.
എന്നാൽ, യു.എസിന്റെ ഈ വാദങ്ങളെ പൂർണമായി തള്ളിക്കളയുന്നതാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ആക്രമണ സമയത്ത് കപ്പൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നും ഭൂരിഭാഗം ജീവനക്കാരും ഉറക്കത്തിലായിരുന്നുവെന്നും ഒരു കേഡറ്റ് മാത്രമാണ് ബ്രിഡ്ജിൽ റേഡിയോ നിരീക്ഷിച്ചുകൊണ്ടിരുന്നതെന്നും ജീവനക്കാർ അറിയിച്ചു. എഞ്ചിൻ റൂം ഒഴിപ്പിക്കാൻ 15 മിനിറ്റ് സമയം നൽകിക്കൊണ്ട് രണ്ട് അന്തിമ മുന്നറിയിപ്പുകൾ നൽകിയെന്നാണ് സെന്റ്കോമിന്റെ അവകാശവാദമെങ്കിലും, ആക്രമണത്തിന് മുൻപുള്ള മൂന്ന് മണിക്കൂർ ഡ്യൂട്ടിയിലുണ്ടായിരുന്ന കേഡറ്റ് താൻ യാതൊരുവിധ മുന്നറിയിപ്പുകളും കേട്ടിട്ടില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്.
പലാവു പതാകയേന്തി സർവീസ് നടത്തിയ 600 അടി നീളമുള്ള ഈ എണ്ണക്കപ്പൽ, ജൂൺ 10-നാണ് യു.എസ് വ്യോമാക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ റൂം തകരുകയും ചീഫ് എഞ്ചിനീയർ സുരേഷ് പട്നാല, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, 23 കാരനായ ട്രെയിനി കേഡറ്റ് ആദിത്യ ശർമ്മ എന്നിവർ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണം നടക്കുമ്പോൾ സുരേഷും ശിവാനന്ദും എഞ്ചിൻ റൂമിൽ ജോലിക്കായി പ്രവേശിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ആദിത്യ ശർമ്മ അടുത്തുള്ള മുറിയിലിരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ പിന്നീട് സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിത്തമുണ്ടായതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.