പ്രതിപക്ഷ പ്രതിഷേധം
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ പൂർണമായും തയാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ. ചർച്ചക്ക് കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കണമെന്നും എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച ശേഷം തീയതിയും സമയവും തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
‘ചർച്ച എപ്പോൾ നടക്കും, എത്ര സമയം നീണ്ടുനിൽക്കും, ഏത് നിയമപ്രകാരമാണ് നടക്കുക എന്നതിനെക്കുറിച്ച് എല്ലാ പാർട്ടികളുടെയും നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ലോക്‌സഭാ സ്പീക്കർ തീരുമാനമെടുക്കണമെന്ന് അഭ്യർഥിക്കുന്നു. നീറ്റ് വിവാദം, ചോദ്യ പേപ്പർ ചോർച്ച എന്നീ വിഷയങ്ങളിൽ ഒരു ചർച്ചക്ക് സർക്കാർ പൂർണമായും തയാറാണ്. നമ്മുടെ യുവാക്കളുടെ ഭാവിക്കായി, എല്ലാവരും ഒത്തുചേർന്ന് ഈ വിഷയത്തിൽ ചർച്ച നടത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’ -കിരൺ റിജിജു ലോക്സഭയിൽ പറഞ്ഞു.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച സമാജ്‍വാദി പാർട്ടിയുടെയോ കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയോ പ്രശ്നമല്ലെന്നും രാജ്യത്തുടനീളമുള്ള വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണെന്നും സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ പ്രതിപക്ഷം നിർബന്ധിതരായെന്നും അഖിലേഷ് യാദവ് ആരോപിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നീറ്റ്-2026 ചോദ്യപേപ്പർ ചോർച്ച, സി.ജെ.പി പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി, സോനം വാങ്ചുക്കിന്റെ നിരാഹാര സമരം തുടങ്ങിയവ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കോൺഗ്രസ് ആവർത്തിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാണെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ലോക്സഭയിൽ കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് മൂന്നാം ദിവസം ലോക്സഭയുടെയും രാജ്യസഭയുടെയും നടപടികൾ പലതവണ തടസ്സപ്പെട്ടു. സഭ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവെച്ച സഭാ നടപടികൾ ഉച്ച 12 മണിക്ക് പുനരാരംഭിച്ചിരുന്നു. എന്നാൽ വീണ്ടും പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയും രാജ്യസഭയും ഉച്ച രണ്ടു മണി വരെ പിരിഞ്ഞു.
കറുത്ത വസ്ത്രം ധരിച്ചാണ് ഇന്ത്യ മുന്നണി എം.പിമാർ പാർലമെന്റ് സമുച്ചയത്തിൽ പ്രതിഷേധിച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേടിലും വിദ്യാർഥി പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയിലും കേന്ദ്ര സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സി.ജെ.പി പ്രവർത്തകർക്കെതിരായ നടപടിയെ ജനാധിപത്യ വിരുദ്ധമെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷം ഇരു വിഷയങ്ങളിലും അടിയന്തര ചർച്ച വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, സഭ സുഗമമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. നിയമനിർമാണ അജണ്ടയിലുള്ള ബില്ലുകൾ ചർച്ച ചെയ്ത് പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ‘വന്ദേ മാതരം’ ആലപിക്കുന്നത് മനപൂർവം തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹമാക്കുന്ന ഭേദഗതി ബിൽ ഉൾപ്പെടെ വിവിധ ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.