മുംബൈ: മറാത്തകൾക്ക് ഒ.ബി.സി വിഭാഗത്തിലെ കുൻബി ജാതി സർട്ടിഫിക്കറ്റ് നൽകുന്നത് ഉൾപ്പെടെ ആവശ്യങ്ങൾ മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചതിനെതുടർന്ന് ആക്ടിവിസ്റ്റ് മനോജ് ജാരൻഗി നിരാഹാര സമരം അവസാനിപ്പിച്ചു. മന്ത്രിസഭ ഉപസമിതി അംഗമായ ബി.ജെ.പി മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീൽ ആസാദ് മൈാനിയിലെത്തി ജാരൻഗിക്ക് പഴച്ചാർ നൽകി.
സമരത്തിന്റെ അഞ്ചാം ദിവസമാണ് മന്ത്രിസഭ ഉപസമിതിയുടെ തീരുമാനമുണ്ടായത്. കുൻബി സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ മറാത്ത സമുദായക്കാർക്ക് ഒ.ബി.സി സംവരണം ലഭിക്കും. നേരത്തേ, മൂന്ന് മണിക്കകം ആസാദ് മൈതാനം ഒഴിയണമെന്ന് ബോംബെ ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. മറാത്ത സമുദായത്തിന് 10 ശതമാനം ഒ.ബി.സി സംവരണം ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്.
അതേസമയം, മനോജ് ജാരൻഗിക്കെതിരെ ബോംബെ ഹൈകോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. നാല് ദിവസമായി തുടരുന്ന സമരം ഒട്ടും സമാധാനപരമാണെന്ന് പറയാനാകില്ലെന്ന് പറഞ്ഞ ജസ്റ്റിസ് രവീന്ദ്ര ഗുഗെ അധ്യക്ഷനായ ബെഞ്ച്, ചൊവ്വാഴ്ചയോടെ തെരുവുകളും ഗതാഗത സംവിധാനങ്ങളും ബന്ദിയാക്കിയുള്ള സമരം അവസാനിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. സമരം മുംബൈ നഗരത്തെ പൂർണമായും സ്തംഭിപ്പിച്ചതായി നിരീക്ഷിച്ച കോടതി സമരക്കാരെ 24 മണിക്കൂറിനുള്ളിൽ തെരുവിൽനിന്ന് മാറ്റാൻ സർക്കാറിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.