ന്യൂഡൽഹി: പശ്ചിമേഷ്യയിൽ കൊടുമ്പിരി കൊള്ളുന്ന യുദ്ധം ഇന്ത്യയിലെ അടുക്കളകളിലേക്ക്. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തുടർന്നും തടസ്സപ്പെട്ടാൽ പാചക വാതക വിതരണം നിലക്കുന്നതോടെ അടുക്കളയും യുദ്ധക്കെടുതിയിലാകും. വീടുകളിലേക്ക് സിലിണ്ടറുകളിൽ എത്തേണ്ട ദ്രവീകൃത പെട്രോളിയം വാതക (എൽ.പി.ജി) ലഭ്യതയും വിതരണവും പരിമിതപ്പെടുത്തുന്ന സ്ഥിതിവിശേഷം സംജാതമാകുകയാണ്.
എൽ.പി.ജി ആവശ്യത്തിന്റെ 85 ശതമാനത്തോളം ഇന്ത്യ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഹുർമുസ് കടലിടുക്കു വഴിയാണ് എത്തിക്കുന്നതെന്നും, പെട്രോളിൽനിന്ന് വ്യത്യസ്തമായി എൽ.പി.ജിക്ക് കരുതൽ ശേഖരമില്ലെന്നും ഇന്ധന വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന കെപ്ലർ കമ്പനിയിലെ ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിത്തോലിയ പറഞ്ഞു.
ദ്രവീകൃത പ്രകൃതിവാതകം അഥവാ എൽ.എൻ.ജിയും സമ്മർദം നേരിടുകയാണ്. ഇന്ത്യ 40 ശതമാനത്തോളം എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്ന ഖത്തർ പൂർണമായും ഉൽപാദനം നിർത്തിവെച്ചിരിക്കുകയാണ്.
ഇന്ത്യയിൽ എൽ.പി.ജിക്ക് പകരമായി എന്തെങ്കിലും കണ്ടെത്താനുള്ള സാധ്യത വിരളമാണ്. അമേരിക്ക, റഷ്യ, അർജന്റീന എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യാൻ കഴിഞ്ഞാൽപോലും അളവ് വളരെ പരിമിതമായിരിക്കും, ചെലവ് കൂടുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്ക് കൈവശമുള്ള എൽ.പി.ജി ശേഖരം വെറും 30 ദിവസത്തേക്ക് മാത്രമാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. മാർച്ചിൽ പ്രതീക്ഷിക്കുന്ന ഇറക്കുമതി നടക്കാതിരിക്കുകയോ വൈകുകയോ ചെയ്താൽ സ്ഥിതി സങ്കീർണമാകും. പരിഭ്രാന്തിമൂലം കൂടുതൽ സിലിണ്ടറുകൾ വാങ്ങി സ്റ്റോക്ക് ചെയ്യാനുള്ള പ്രവണത ചില നഗരങ്ങളിൽ കണ്ടുതുടങ്ങിയെന്നാണ് വിതരണക്കാർ പറയുന്നത്.
യു.എസ്, ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ഇന്ത്യൻ തേയില കയറ്റുമതിക്കും ഭീഷണിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കാണ് ഇന്ത്യ മുഖ്യമായും തേയില കയറ്റുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.