റായ്പൂർ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ഒമ്പതു സ്ത്രീകൾ ഉൾപ്പെടെ 22 മാവോവാദികൾ കീഴടങ്ങി. വെള്ളിയാഴ്ചയാണ് ഇവർ അധികൃതർക്കു മുന്നിൽ കീഴടങ്ങിയത്. ബസ്തർ, സുക്മ എന്നിവിടങ്ങളിലെ മാവോ ഗ്രൂപ്പുകളായ മാഡ് ഡിവിഷനും മറ്റു വിഭാഗങ്ങളും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു.
കീഴടങ്ങിയ വ്യക്തികൾക്ക് ആകെ 40 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. കൂടാതെ സർക്കാരിന്റെ പുനരധിവാസ നയത്തിന്റെ പ്രയോജനം ലഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഛത്തീസ്ഗഡിലെ വിവിധ ജില്ലകളിലെ ‘വീട്ടിലേക്ക് മടങ്ങുക’ എന്ന പ്രചാരണം സംഘടിപ്പിച്ച് അവരുമായി ചർച്ച നടത്തിയാണ് കീഴടങ്ങാൻ പ്രേരിപ്പിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർക്കാരിന്റെ പുനരധിവാസ നയവുമായി സംയോജിപ്പിച്ച ‘വീട്ടിലേക്ക് മടങ്ങുക’ കാമ്പെയ്‌ൻ ഗ്രാമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. സുക്മ പോലീസ്, സുക്മയിലെയും ജഗദൽപൂരിലെയും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽമാർ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സി.ആർ.പി.എഫ്) ബറ്റാലിയനുകൾ എന്നിവയുൾപ്പെടെ വിവിധ സുരക്ഷാ സേനകളുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് കീഴടങ്ങൽ സാധ്യമായത്.
കീഴടങ്ങൽ വ്യവസ്ഥ പ്രകാരം മാവേവാദികൾക്ക് ഓരോരുത്തർക്കും 50,000 രൂപ സാമ്പത്തിക സഹായവും കൃഷിഭൂമിയും ലഭിക്കും. ഏപ്രിൽ 12ന് എട്ട് മാവോവാദികൾ ദന്തേവാഡ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന്റെ ഓഫിസിൽ കീഴടങ്ങിയിരുന്നു. നക്സലിസം ഇപ്പോൾ നാല് ജില്ലകളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നുവെന്നും അടുത്ത വർഷം മാർച്ചോടെ ഇന്ത്യയിൽ നിന്ന് പൂർണമായി തുടച്ചുനീക്കപ്പെടുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.