അമിത് ഷാ
ഗുവാഹതി: കേന്ദ്ര സർക്കാർ നിശ്ചയിച്ച മാർച്ച് 31നകം രാജ്യത്തുനിന്ന് മാവോവാദം തുടച്ചുനീക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 87ാമത് സി.ആർ.പി.എഫ് ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ വംശീയ ആക്രമണങ്ങളും മാവോവാദികളെയും കൈകാര്യംചെയ്യുന്നതിലും സി.ആർ.പി.എഫ് പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീരിൽ സേനക്കെതിരെ കല്ലെറിയൽ അവസാനിച്ചതായും അമിത് ഷാ പറഞ്ഞു.
ഛത്തിസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകളിൽ 21 ദിവസം നീണ്ടുനിന്ന ഓപറേഷൻ ബ്ലാക്ക് ഫോറസ്റ്റ് ദൗത്യത്തെ ആഭ്യന്തര മന്ത്രി പ്രശംസിച്ചു. ഭരണഘടനയുടെ ആർട്ടിക്ൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയതിനുശേഷം ജമ്മു-കശ്മീരിൽ ഒരു വെടിയുണ്ടപോലും വെടിവെക്കേണ്ടിവന്നില്ലെന്നും അത് ഉറപ്പാക്കുന്നതിൽ സി.ആർ.പി.എഫ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികിയിൽനിന്ന് മാത്രമല്ല രാജ്യത്തുനിന്നുതന്നെ പുറത്താക്കുമെന്ന് അസം പൊലീസ് പത്താം ബറ്റാലിയൻ പുതിയ കാമ്പസ് ശിലാസ്ഥാപനം നിർവഹിച്ച് അമിത് ഷാ പറഞ്ഞു. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിശോധന തെരഞ്ഞെടുപ്പ് കമീഷൻ നടത്തിവരുകയാണ്. നുഴഞ്ഞുകയറ്റക്കാരെ ഇതിലൂടെ കണ്ടെത്തുമെന്ന് ഉറപ്പാണ്. എന്നാൽ, എസ്.ഐ.ആറിനെതിരെ പ്രതിഷേധിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.