ബെൻസിലെത്തി രണ്ടു രൂപാ സബ്സിഡി ഗോതമ്പ് വാങ്ങി യുവാവ് -വിവാദ വീഡിയോയുടെ സത്യമിതാണ് VIDEO

ചണ്ഡീഗഢ്: സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ സബ്സിഡിയിൽ നൽകുന്ന രണ്ടു രൂപ ഗോതമ്പ് ആഡംബര കാറിലെത്തി വാങ്ങി കൊണ്ടുപോകുന്നയാളുടെ ദൃശ്യങ്ങൾ വൈറലായി. വിഡിയോ വ്യാപകമായി പ്രചരിക്കുകയും ഏറെ വിമർശനവും ഉയർന്നതോടെ അധികൃതർ സംഭവത്തിൽ ഇടപെട്ടു. ഒടുവിൽ സബ്സിഡി ഗോതമ്പ് വാങ്ങിയ ആൾതന്നെ കാര്യം വിശദീകരിച്ചതോടെയാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവന്നത്.

പഞ്ചാബിലെ നലോയാൻ ചൗക്കിലാണ് സംഭവം നടന്നത്. ഭക്ഷ്യധാന്യ വിതരണ ഡിപ്പോയിലാണ് ഒരാൾ ബെൻസ് കാറിലെത്തുകയും രണ്ടു രൂപക്ക് ലഭിക്കുന്ന ഗോതമ്പ് ചാക്ക് കാറിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തത്. പരിസരത്തുണ്ടായിരുന്ന ആരോ സംഭവം മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു. സംഭവം വൈറലായതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.

സർക്കാർ പാവങ്ങൾക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കൾ സമ്പന്നർ അനധികൃതമായി കൈക്കലാക്കുകയാണെന്നും വീഡിയോയിലെ ആളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നുമെല്ലാം ആവശ്യമുയർന്നു. ഇതോടെ ഭക്ഷ്യ വിതരണ വകുപ്പ് സംഭവം അന്വേഷിക്കാൻ നിർദേശിച്ചു. ഈ അവസരത്തിൽ വീഡിയോയിൽ ഉൾപ്പെട്ടയാൾ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

Full View

video courtesy: The Tribune


ഹോഷിയാർപൂർ അജ്ജ്വൾ റോഡ് നിവാസിയായ രമേശ് കുമാറാണ് സൈനിയാണ് വിവാദത്തിലകപ്പെട്ടത്. വിദേശത്ത് ജോലി ചെയ്യുന്ന തന്‍റെ ബന്ധുവിന്‍റേതാണ് ബെൻസ് എന്ന് രമേശ് കുമാർ പറയുന്നു. അമേരിക്കയിൽ കഴിയുന്ന ബന്ധുവും കുടുംബവും ഓരോ ഒന്നര വർഷത്തിലുമാണ് നാട്ടിലെത്താറ്. വീട്ടിലെ ആഡംബര കാർ വർഷം മുഴുവൻ നിർത്തിയിട്ട് തകരാർ സംഭവിക്കാതിരിക്കാൻ ഇടക്കിടെ ഓടിക്കാൻ തന്നെ ഏൽപ്പിച്ചതാണെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. 10 - 15 ദിവസം കൂടുമ്പോൾ കാറിൽ ചെറിയ ദൂരം സഞ്ചരിച്ച് തിരികെ പാർക്ക് ചെയ്യാറാണ് പതിവെന്നും അത്തരമൊരു ദിവസത്തെ ഡ്രൈവിങ്ങിലാണ് റേഷൻ ഡിപ്പോയിലെത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. ഡിപ്പോയിൽ തന്‍റെ മക്കൾ സബ്സിഡി ഗോതമ്പിനായി നിൽക്കുന്നത് കാണുകയും അവർ ആവശ്യപ്പെട്ടത് പ്രകാരം ഗോതമ്പ് കാറിൽ കയറ്റാൻ അനുവദിക്കുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

ട്രക്ക് ഡ്രൈവറായിരുന്ന രമേശ് കുമാറിന് ഒരു അപകടത്തിൽപെട്ടതോടെ ജോലി നിർത്തേണ്ടിവന്നു. മകൻ അനൂപ് സൈനി വാടക റൂമിൽ സ്റ്റുഡിയോ നടത്തുന്നു. കുടുംബം പുലർത്താൻ ഭാര്യ രജ്വീന്ദർ കൗർ തുന്നൽ ജോലിയും ചെയ്യുന്നു. ആരോ തെറ്റിദ്ധരിച്ച് വീഡിയോ പകർത്തിയതാണെന്നും ആവശ്യമെങ്കിൽ കാറിന്‍റെ രേഖകൾ പരിശോധിക്കാമെന്നും രമേശ് കുമാർ പറയുന്നു.

Tags:    
News Summary - man in Mercedes picking up subsidy wheat in Hoshiarpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT