മുംബൈ: താക്കറെ സഹോദരന്മാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കമന്‍റിട്ട യുവാവിന് മഹാരാഷ്ട്ര നവനിർമാൺ സേനയുടെയും ശിവസേനയുടെയും (ഉദ്ദവ് ബാലസാഹേബ് താക്കറെ വിഭാഗം) പ്രവർത്തകരുടെ ക്രൂരമർദനം. യുവാവിനെ നഗ്നനാക്കി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സൂരജ് മഹേന്ദ്ര ഷിർക്കെ എന്ന യുവാവാണ് ക്രൂരതക്കിരയായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ് താക്കറെ, ഉദ്ദവ് താക്കറെ, ആദിത്യ താക്കറെ എന്നിവർക്കെതിരെ ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഇയാൾ അപമാനകരവും അശ്ലീലവുമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതുവെന്നാണ് അക്രമികളുടെ ആരോപണം. രാഷ്ട്രീയ നേതാക്കളുടെ സത്യസന്ധത ചോദ്യം ചെയ്തത് അനുയായികളെ പ്രകോപിപ്പിച്ചെന്നാണ് വിവരം.
തനിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് മനസ്സിലാക്കിയ യുവാവ് ഒളിവിൽ പോയിരുന്നു. എന്നാൽ, ഇയാൾ നളസൊപ്പാറ പ്രദേശത്ത് ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ എം.എൻ.എസ് സബ് ഡിവിഷനൽ പ്രസിഡന്റ് കിരൺ നകാഷെയും കൂട്ടാളികളും ഇവിടെ എത്തുകയായിരുന്നു. വസ്ത്രമുരിഞ്ഞ് ഒന്നര കിലോമീറ്ററോളം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചെന്നാണ് വിവരം. രാഷ്ട്രീയ പാർട്ടിയുടെ അനുയായികൾ ദൈവങ്ങളായി കണക്കാക്കുന്ന നേതാക്കൾക്കെതിരെ അശ്ലീല ഭാഷ ഉപയോഗിക്കുന്ന ഏതൊരാളും അതിന്‍റെ അനന്തരഫലം നേരിടേണ്ടിവരുമെന്ന് അക്രമികൾ ഭീഷണിമുഴക്കി.
ഏതായാലും സംഭവം നളസൊപ്പാറ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.