മീറത്ത്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖർ ആസാദിനെ വധിക്കുമെന്ന് ഭീഷണിമുഴക്കി ഫേസ്ബുക്കിൽ തുടർച്ചയായി പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ചന്ദ്രശേഖർ ആസാദിനു നേർക്ക് വധശ്രമമുണ്ടായതിന് പിന്നാലെയാണ് പൊലീസ് നടപടി. ‘ക്ഷത്രിയ ഓഫ് അമേത്തി’ എന്ന ഫേസ്ബുക്ക് പേജിലൂടെ ഭീഷണി മുഴക്കിയ വിംലേഷ് സിങ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ചന്ദ്രശേഖർ ആസാദിനു നേർക്ക് വെടിവെപ്പുണ്ടായിരുന്നു. ഇതിന് അഞ്ച് ദിവസം മുമ്പ് ഈ ഫേസ്ബുക്ക് പേജിൽനിന്നും ‘പട്ടാപ്പകല്‍ റോഡില്‍ ചന്ദ്രശേഖര്‍ ആസാദ് കൊല്ലപ്പെടും. അമേത്തിയിലെ താക്കൂർമാർ മാത്രമേ അവനെ കൊല്ലൂ’ എന്ന് പോസ്റ്റ് വന്നിരുന്നു. ആസാദിന് നേർക്ക് ആക്രമണം നടന്ന ശേഷം ‘ചന്ദ്രശേഖറിന് പിറകിൽ വെടിയേറ്റ് അവൻ രക്ഷപ്പെട്ടു, പക്ഷേ ഇനി രക്ഷപ്പെടില്ല’ എന്ന് വീണ്ടും പോസ്റ്റ് വന്നിരുന്നു.
വാൻ ഡ്രൈവർ ആണ് 30കാരനായ വിംലേഷ് സിങ്. ചന്ദ്രശേഖറിന് നേർക്കുണ്ടായ ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.
അതിനിടെ, ഉത്തർപ്രദേശിലെ സഹരൻപൂരിൽ അക്രമികൾ ഉപയോഗിച്ച ഹരിയാന രജിസ്‌ട്രേഷൻ നമ്പറിലുള്ള കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കേസിൽ നാലു പേർ പൊലീസ് പിടിയിലായിരുന്നു. സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽ കാറിൽ നാല് പേരാണ് സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു.
സഹരൻപൂരിൽ വെച്ച് തന്നെയാണ് ചന്ദ്രശേഖർ ആസാദ് സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. തലനാരിഴക്കാണ് അക്രമികളുടെ തോക്കിൻകുഴലിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത്. ചന്ദ്രശേഖറിന്‍റെ ഇടത് പുറംഭാഗത്താണ് വെടിയേറ്റത്. ഒരു ബുള്ളറ്റ് മാത്രമാണ് ചന്ദ്രശേഖറിന്‍റെ ദേഹത്ത് കൊണ്ടത്. മൂന്നെണ്ണം കാർ ഡോറിലും സീറ്റിലുമാണ് തുളഞ്ഞുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.