ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ സമ്മർദം മൂലമാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്; എസ്.ഐ.ആറിൽ ആശങ്കയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്തയച്ച് മമത ബാനർജി

കൊൽക്കത്ത: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ആശങ്കകൾ തുറന്നു കാണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സമ്മർദം മൂലമാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നായിരുന്നു മമതയുടെ ചോദ്യം. എസ്.ഐ.ആറിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് നേരത്തേയും തെരഞ്ഞെടുപ്പ് കമീഷണർക്ക് മമത ബാനർജി കത്തയച്ചിരുന്നു.

പശ്ചിമ ബംഗാളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണം(എസ്.ഐ.ആർ) വലിയ രാഷ്ട്രീയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്. ബംഗാൾ ഉൾപ്പെടെ വിവിധി സംസ്ഥാനങ്ങളിലെ ബൂത്ത് തല ഓഫിസർമാരുടെ മരണങ്ങളുണ്ടായ സാഹചര്യത്തിൽ പ്രത്യേകിച്ചും. പ്രത്യേക രാഷ്ട്രീയ പാർട്ടി​​യെ പ്രീണിപ്പിക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എസ്.ഐ.ആറിനെ ഉപയോഗപ്പെടുത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി)ആരോപിച്ചിരുന്നു. അതേസമയം, നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന ഭീതിയിലാണ് മമത ബാനർജിയെന്നായിരുന്നു ആരോപണങ്ങൾക്ക് ബി.ജെ.പിയുടെ മറുപടി.

ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷണർക്ക് പങ്കുവെച്ച കത്തിൽ പ്രധാനമായും രണ്ട് ആശങ്കകളാണ് മമത ഉയർത്തുന്നത്. എസ്.ഐ.ആറുമായോ തെരഞ്ഞെടുപ്പുമായോ ബന്ധപ്പെട്ട ഡാറ്റ ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപറേറ്റർമാരെയും ബംഗ്ലാ സഹൃത കേന്ദ്ര(ബി.എസ്.കെ)സ്റ്റാഫുകളെയും ഉൾപ്പെടുത്തരുത് എന്ന കമീഷന്റെ വിവാദപരമായ ഉത്തരവിനെയാണ് മമത ആദ്യം ചോദ്യം ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫിസർ ഒരു വർഷത്തേക്ക് 1000 ഡാറ്റാ എൻട്രി ഓപറേറ്റർമാരെയും 50 സോഫ്റ്റ്​വെയർ ഡെവലപർമാരെയും ഔട്ട്സോഴ്സ് ചെയ്യാൻ ആവശ്യപ്പെട്ടതിനെ കുറിച്ചും അവർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ജില്ലാതല ഓഫിസുകളിൽ തന്നെ ഇത്തരം ജോലികൾ ചെയ്യാൻ ഒരു പാട് പ്രഫഷനുകൾ ഉണ്ടെന്നിരിക്കെ, പിന്നെ എന്തിനാണ് ബാഹ്യ ഏജൻസി വഴി ഔട്ട്സോഴ്സ് ചെയ്യുന്ന​തെന്നും മമത ചോദിച്ചു.

ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടിയാണോ ഇത്തരമൊരു പരിപാടിയെന്നും മമത ചോദ്യമുയർത്തി. സമയക്രമവും ആർ.ടി.പിയുടെ രീതിയും ചില ആശയക്കുഴപ്പങ്ങൾ ഉയർത്തുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

സ്വകാര്യ താമസ സമുച്ചയങ്ങളിൽ പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനെകുറിച്ചാണ് മമതയുടെ രണ്ടാമത്തെ ആശങ്ക. തെരഞ്ഞെടുപ്പ് കമീഷന്റെ ഈ നിർദേശം പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു.

ന്യായത്തിനെതിരെ വിട്ടുവീഴ്ച ചെയ്യാനും നിയമങ്ങൾ ലംഘിക്കാനും പൊതുജനങ്ങളും പ്രത്യേക അധികാരമുള്ള താമസക്കാരും തമ്മിലുള്ള വിടവ് വർധിപ്പിക്കാനും മാത്രമാണ് സ്വകാര്യ ഇടങ്ങളിൽ പോളിങ് ബൂത്തുകൾ സ്ഥാപിക്കുന്നത് കൊണ്ട് സാധിക്കുകയുള്ളൂ.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമാണ് ഇതിലൂടെ പ്രകടമാക്കുന്നത്. പ്രത്യേക രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയാണോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അവർ വീണ്ടും ചോദ്യമുയർത്തി.

തെരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യതയെ പോലും ബാധിക്കുന്നതാണിത്. അതീവ ഗൗരവത്തോടെ തന്നെ ഈ ആശങ്കകളെ കണക്കിലെടുക്കണം. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും സുതാര്യതയും അന്തസ്സും നിഷ്പക്ഷതയും നിലനിർത്താൻ ഇത് അനിവാര്യമാണെന്നും ഒരു തരത്തിലും വിട്ടുവീഴ്ചകൾക്ക് മുതിരരുതെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി.

എന്നാൽ അനധികൃത വോട്ട് ബാങ്ക് സംരക്ഷിക്കാനുള്ള വെപ്രാളമാണ് മമതക്ക് എന്നാണ് എസ്.ഐ.ആറിനെതിരായ ആശങ്കകളെ കുറിച്ചുള്ള ബി.ജെ.പിയുടെ മറുപടി.

Tags:    
News Summary - Mamata Banerjee has written a fresh letter to chief election commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.