അനൂപ് കുമാർ നായർ

മലയാളി ടെക്കി മുംബൈയിലെ ഫ്ലാറ്റിൽ വിസർജ്യങ്ങൾക്കൊപ്പം അടച്ചുപൂട്ടി ജീവിച്ചത് മൂന്നു വർഷം; ചേട്ടനുപിന്നാലെ അമ്മയും അച്ഛനും പോയി, സുഹൃത്തുക്കളും ഇല്ലാതായതോടെ ഏകനായെന്ന് അനൂപ്

മുംബൈ: നഗരത്തിരക്കിനിടയിൽ മുറിയിൽനിന്ന് പുറത്തിറങ്ങാതെ, സ്വയം വരിച്ച ഏകാന്ത വാസത്തിൽ മലയാളി ടെക്കി ജീവിച്ചത് മൂന്നു വർഷത്തിലേറെ കാലം. ഏകാന്തതയും വിഷാദവും ആശങ്കയും കൂടുകൂട്ടിയ ജീവിതവുമായി അനൂപ് കുമാർ എന്ന മലയാളിയാണ് ഫ്ലാറ്റിനുള്ളിലെ വൃത്തിഹീനമായ ചുറ്റുപാടിൽ ഇത്രയും കാലം കഴിച്ചുകൂട്ടിയത്. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തിരുന്നത് മാത്രമാണ് പുറംലോകവുമായി ഈ കാലയളവിൽ അനൂപിനുണ്ടായിരുന്ന ബന്ധം.

55കാരനായ അനൂപിന്റെ നിലവിലെ അവസ്ഥയറിഞ്ഞ ചിലർ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (സീൽ) എന്ന സന്നദ്ധസംഘടനയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ ഉടനടി നവി മുംബൈയിലെ സെക്ടർ 24ൽ ഘാർകൂൽ സി.എച്ച്.എസിലുള്ള ഫ്ലാറ്റിലെത്തി ഇയാളെ തങ്ങളുടെ ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു.

നേരത്തേ, കമ്പ്യൂട്ടർ പ്രോഗ്രാമറായി ജോയി ചെയ്യുകയായിരുന്ന അനൂപ് ഫ്ലാറ്റിൽ ഏകനായാണ് താമസിച്ചിരുന്നത്. സന്നദ്ധ പ്രവർത്തകരെത്തുമ്പോൾ മലമൂത്ര വിസർജ്യങ്ങൾ നിറഞ്ഞ ഫ്ലാറ്റ് അസഹനീയമാംവിധം ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ബലമായി വാതിൽ തുറന്നാണ് സീൽ പ്രവർത്തകർ ഫ്ലാറ്റിനുള്ളിൽ പ്രവേശിപ്പിച്ചത്. താടിയും മുടിയുമൊക്കെ നീട്ടി വളർത്തിയ നിലയിലായിരുന്നു അനൂപ്.

ടാറ്റ ഹോസ്പിറ്റൽ ജീനക്കാരനായിരുന്ന വി.പി. കുട്ടികൃഷ്ണൻ നായരുടെയും ഇന്ത്യൻ എയർ​ഫോഴ്സിൽ ജോലി ചെയ്തിരുന്ന പൊന്നമ്മ നായരുടെയും മകനാണ് അനൂപ്. കഴിഞ്ഞ ആറു വർഷത്തിനിടെ മാതാപിതാക്കൾ മരണപ്പെട്ടു. അനൂപി​ന്റെ മൂത്ത സഹോദരൻ 20 വർഷം മുമ്പ് ജീവനൊടുക്കിയതാണ്. തുടർന്ന് ഫളാറ്റിൽ ഏകനായ ഇയാൾ വിഷാദത്തിലേക്ക് വഴുതിവീഴുകയായിരു​ന്നു.

ഇതോടെ ഫ്ലാറ്റിൽനിന്ന് പുറത്തിറങ്ങാൻ അനൂപ് കൂട്ടാക്കാതിരിക്കുകയായിരു​ന്നുവെന്ന് സീൽ പ്രതിനിധി പാസ്റ്റർ കെ.എം. ഫിലിപ്പ് ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. ‘ലിവിങ് റൂമിലെ ഒരു കസേരയിൽ ഇരുന്നാണ് ഇത്രകാലം അവൻ ഉറങ്ങിയതെന്നത് ഞെട്ടിക്കുന്നതായിരുന്നു. വീട്ടിലെ ഫർണിച്ചറുകളെല്ലാം ചിലർ എടുത്തുകൊ​ണ്ടുപോയതുകൊണ്ടായിരുന്നു അത്. അടിയന്തര വൈദ്യ സഹായം ആവശ്യമുള്ള തരത്തിൽ കാലിന് അണുബാധയുണ്ട്. മാതാപിതാക്കൾ മരിച്ചശേഷം ബന്ധുക്കളിൽ പലരും അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, അനൂപ് ആരെയും വിശ്വസിച്ചില്ല. ഇപ്പോൾ അദ്ദേഹം പനവേലിലെ സീൽ ആശ്രമത്തിലാണുള്ളത്’ -ഫിലിപ്പ് പറഞ്ഞു.

അനൂപ് വളരെ വിരളമായേ ഫ്ലാറ്റിന്റെ വാതിൽ തുറക്കാറുണ്ടായിരുന്നുള്ളൂവെന്ന് തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനായ വിജയ് ഷിൽബെ പറഞ്ഞു. ‘മാലിന്യം പുറത്തുകളയാറൊന്നുമില്ല. അതിനായി ​സൊസൈറ്റി അംഗങ്ങൾ പലകുറി പ്രേരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. മാതാപിതാക്കളുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന സ്ഥിര നിക്ഷേപം അനൂപിന്റെ പേരിലേക്ക് മാറ്റാൻ ഞങ്ങൾ സഹായിച്ചിരുന്നു’- ഷിൽബെ വിശദീകരിച്ചു.

പനവേലിലെ ആശ്രമത്തിലുള്ള അനൂപുമായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ സംസാരിച്ചു. ‘എനിക്ക് നിലവിൽ സുഹൃത്തുക്കളാരും ഇല്ല. മാതാപിതാക്കളും സഹോദരനും മരണപ്പെട്ടു. ആരോഗ്യം മോശമായതിനാൽ പുതിയ ജോലി കണ്ടെത്താനും കഴിഞ്ഞില്ല’ -അനൂപ് പ്രതികരിച്ചു.

Tags:    
News Summary - Malayalee ​Techie Locks Himself In Mumbai Flat For Over 3 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.