സുപ്രീംകോടതി

പ്രായം കണക്കിലെടുക്കാതെ വിൽപത്രം എഴുതി വെക്കൂ, എങ്കിൽ സ്വത്തുക്കൾ നിങ്ങളുടെ മാതാപിതാക്കൾക്ക് കിട്ടും; വിവാഹിതയായ ഹിന്ദു സ്ത്രീകൾക്ക് സുപ്രീംകോടതിയുടെ ഉപദേശം

ന്യൂഡൽഹി: വിവാഹിതരായ ഹിന്ദു സ്ത്രീകൾ തങ്ങളുടെ മരണശേഷം സ്വത്ത് കുടുംബാംഗങ്ങൾക്കോ ​​കുടുംബാംഗങ്ങളുടെ ബന്ധുക്കൾക്കോ ​​അവകാശപ്പെടണമെങ്കിൽ വിൽപത്രം എഴുതി വെക്കണമെന്ന് സുപ്രീം കോടതി.

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് ഒരു വനിതാ അഭിഭാഷക സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. ഹിന്ദുക്കളുടെ നിലവിലെ പിന്തുടർച്ചാവകാശ നിയമപ്രകാരം കുട്ടികളില്ലാത്ത വിധവയുടെ സ്വത്തുക്കൾ അവളുടെ മരണശേഷം ഭർത്താവിന്റെ കുടുംബത്തിലേക്ക് പോവുകയാണ് ചെയ്യുന്നത്.

മരിച്ചുപോയ ഒരു സ്ത്രീയുടെ മാതാപിതാക്കൾ അവരുടെ സ്വത്തിൽ അവകാശവാദമുന്നയിച്ചാൽ കോടതി നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ആ വിഷയം മധ്യസ്ഥതയിലൂടെ കടന്നുപോകേണ്ടത് നിർബന്ധമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാവിയിൽ വ്യവഹാരങ്ങൾ ഒഴിവാക്കാൻ സ്വത്ത് ഉപേക്ഷിച്ചുപോകാൻ സാധ്യതയുള്ള എല്ലാ സ്ത്രീകളോടും, പ്രത്യേകിച്ച ഹിന്ദു സ്ത്രീകളോടും വിൽപത്രമോ സാക്ഷ്യപത്രമോ എഴുതി സൂക്ഷിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഹരജിയെ എതിർത്തു.

ഹിന്ദു പിന്തുടർച്ചാവകാശ നിയമമനുസരിച്ച് ഒരു ഹിന്ദു സ്ത്രീയുടെ സ്വത്തിൽ അവരുടെ ഭർത്താവിനും ആൺമക്കൾക്കും പെൺമക്കൾക്കുമാണ് ആദ്യ അവകാശം. അതു കഴിഞ്ഞാൽ ഭർത്താവിന്റെ ബന്ധുക്കളാണ്. അതിനു ശേഷമാണ് സ്വന്തം മാതാപിതാക്കൾക്ക് അവകാശമുള്ളത്. ഈ മുൻഗണ​നക്രമത്തിൽ സ്ത്രീയുടെ സ്വന്തം അച്ഛനും അമ്മയും ഏറ്റവും താഴെയാണ്. ഈ വ്യവസ്ഥകൾ പലപ്പോഴും ഭർതൃ കുടുംബാംഗങ്ങളും മാതാപിതാക്കളും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച് സ്ത്രീ അകാലത്തിൽ മരണപ്പെടുന്ന സാഹചര്യങ്ങളിൽ.

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥകൾക്കെതിരായ പരാതികൾ പരിശോധിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നേരത്തേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ പ്രധാനമാണെങ്കിലും സാമൂഹിക ഘടനയും സ്ത്രീകൾക്ക് അവകാശങ്ങൾ നൽകുന്നതും തമ്മിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Tags:    
News Summary - Make A Will Irrespective Of Age; Supreme Court's Advice To Hindu Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.