മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിന്റെ കൂറ്റൻ വിജയത്തിന് കാരണമായതെന്ന് അവകാശപ്പെട്ട ലഡ്കി ബെഹൻ പദ്ധതിയിൽ നിന്ന് 80 ലക്ഷം സ്ത്രീകളെ ഒഴിവാക്കി. ഈയിടെ നടന്ന പുനഃപരിശോധനയിൽ അയോഗ്യരെന്ന് കണ്ടെത്തിയവരെ ഒഴിവാക്കിയെന്നാണ് സർക്കാർ ഭാഷ്യം. രണ്ടര ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള സ്ത്രീകൾക്ക് അവരുടെ അക്കൗണ്ടിൽ പ്രതിമാസം 1500 രൂപ നൽകുന്ന പദ്ധതിയാണ് ലെഡ്കി ബെഹൻ പദ്ധതി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പേ അന്നത്തെ ബി.ജെ.പി സഖ്യ സർക്കാർ നടപ്പാക്കിയതാണ് പദ്ധതി. 2.4 കോടി വനിതകളാണ് ഇതുപ്രകാരം ഇതുവരെ പണം പറ്റിയത്. എന്നാൽ, ഈയിടെ നടന്ന കെവൈസി പരിശോധനയിൽ പണം പറ്റാൻ യോഗ്യതയുള്ളവരുടെ എണ്ണം 1.7 കോടിയായി കുറഞ്ഞു. പ്രായം, വാർഷിക വരുമാനം തുടങ്ങിയ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് 80 ലക്ഷം പേരെ ഒഴിവാക്കിയതെന്ന് സർക്കാർ പറയുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യഥാർഥ കാരണമെന്നും കെവൈസി മറയാക്കി ഘട്ടം ഘട്ടമായി പദ്ധതി നിർത്തലാക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ പാർട്ടിയായ ശരദ് പവാർ പക്ഷ എൻ.സി.പിയുടെ നേതാവും മുൻ ധനകാര്യ മന്ത്രിയുമായ ജയന്ത് പാട്ടീൽ ആരോപിച്ചു. തെരഞ്ഞെടുപ്പിനുമുമ്പ് പദ്ധതി നടപ്പാക്കിയപ്പോൾ എന്തുകൊണ്ട് യോഗ്യത പരിശോധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഒഴിവാക്കപ്പെട്ടവരിൽ 55 ലക്ഷത്തോളം പേർ പുനഃപരിശോധനാ നടപടി പൂർത്തിയാക്കിയില്ലെന്നും 12 ലക്ഷത്തോളം പേരുടെ വാർഷിക വരുമാനം രണ്ടര ലക്ഷത്തിന് മുകളിലാണെന്നും അഞ്ചു ലക്ഷം പേർ നമോ ശേത്കാരി പദ്ധതിയുടെ ഉപഭോക്താക്കളാണെന്നും സർക്കാർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.