മൗഗഞ്ച്: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകളും തുടർന്നുണ്ടായ പരീക്ഷ റദ്ദാക്കലും സൃഷ്ടിച്ച കടുത്ത മാനസിക സമ്മർദത്തിനൊടുവിൽ മധ്യപ്രദേശിൽ ഒരു നീറ്റ് വിദ്യാർഥിനി കൂടി ആത്മഹത്യ ചെയ്തു. മൗഗഞ്ച് ജില്ലയിലെ ആകാശ ചതുർവേദിയാണ് ആത്മഹത്യ ചെയ്തത്. വീണ്ടും പരീക്ഷ എഴുതാനുള്ള ധൈര്യമില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു.
മെയ് 3നാണ് ലക്ഷക്കണക്കിന് വിദ്യാർഥികൾക്കൊപ്പം ആകാശയും പരീക്ഷ എഴുതിയത്. മികച്ച രീതിയിൽ പരീക്ഷ എഴുതിയ ആകാശക്ക് ഏകദേശം 650 മാർക്ക് ലഭിക്കുമെന്ന് കുടുംബം ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെത്തുടർന്ന് മെയ് 12ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21ന് വീണ്ടും പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ആകാശ കടുത്ത വിഷാദത്തിലേക്ക് നീങ്ങുകയായിരുന്നു.
ഒരു ഡോക്ടറാകുക എന്ന മകളുടെ സ്വപ്നത്തിനായി വലിയ ത്യാഗങ്ങളാണ് ആകാശയുടെ മാതാപിതാക്കൾ സഹിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം, മകളുടെ പഠനത്തിനായി കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്ന് ലക്ഷം രൂപയാണ് വായ്പയെടുത്തത്. നാഗ്പൂരിലെ കോച്ചിങ് സെന്ററിൽ മകൾ പഠിക്കുമ്പോൾ, കൂലിപ്പണിക്കാരനായ പിതാവ് കൃഷ്ണ കുമാർ ചതുർവേദി, മകളുടെ അടുത്ത് തന്നെ പാചകക്കാരനായി ജോലി ചെയ്താണ് പഠനച്ചെലവുകൾ കണ്ടെത്തിയത്.
‘മമ്മി, പാപ്പ, നിങ്ങളുടെ മകൾ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. എന്നാൽ എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും തകർത്തു’ ആകാശയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ‘വീണ്ടും പരീക്ഷ എഴുതിയാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നതിന് യാതൊരു ഉറപ്പുമില്ല’ എന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യവ്യാപകമായി പരീക്ഷാ വിവാദവും പരീക്ഷ റദ്ദാക്കലും വിദ്യാർഥികളിൽ വലിയ അനിശ്ചിതത്വവും ഭീതിയുമാണ് സൃഷ്ടിക്കുന്നത്. ജാർഖണ്ഡിലും സമാനമായ സംഭവത്തിൽ 16 വയസ്സുള്ള ഒരു നീറ്റ് വിദ്യാർഥിനി ആത്മഹത്യ ചെയ്തിരുന്നു. പരീക്ഷ റദ്ദാക്കിയതുമൂലം കടുത്ത മാനസിക വിഷമത്തിലായിരുന്നു ആ കുട്ടിയും എന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഒന്നല്ല, നിരവധി വിദ്യാർഥികളുടെ സ്വപ്നങ്ങളാണ് ഈ വിവാദങ്ങൾ തകർത്തെറിയുന്നത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വീഴ്ചകളും വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.