ജയിലിലേക്ക് മടങ്ങുന്ന ഉമര്‍ ഖാലിദ് മാതാപിതാക്കള്‍ക്കൊപ്പം 

'ഗായകനെ തടവിലിടാം, പാട്ടിനെയാകില്ല'; ചർച്ചയായി ഉമർ ഖാലിദിന്റെ ടീഷർട്ടിലെ വരികൾ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ മുൻനിര മുഖമായിരുന്ന ഉമർ ഖാലിദ്, ഡൽഹി ഹൈകോടതി അനുവദിച്ച മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം പൂർത്തിയാക്കി തിഹാർ ജയിലിലേക്ക് മടങ്ങി. ജൂൺ 1 മുതൽ ജൂൺ 3 വരെയുള്ള ദിവസങ്ങളിൽ മാതാവിന്റെ ശസ്ത്രക്രിയയോടനുബന്ധിച്ച് ഒപ്പം നിൽക്കാനാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്.

2020 സെപ്റ്റംബർ മുതൽ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഖാലിദിന്, പ്രത്യേക സാഹചര്യങ്ങളിൽ ലഭിച്ച ചുരുക്കം ചില ഇടക്കാല പരോളുകൾ ഒഴിച്ചാൽ ബാക്കി സമയമെല്ലാം തടവറയിൽ തന്നെയായിരുന്നു.

ഇടക്കാല ജാമ്യത്തിലിറങ്ങിയ സമയത്ത് എടുത്ത ഉമർ ഖാലിദിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

“ഗായകനെ തടവിലിടാം, പാട്ടിനെയാകില്ല” (You can cage the singer, but not the song) എന്ന ശക്തമായ വരികൾ അച്ചടിച്ച ടീഷർട്ട് ധരിച്ചാണ് അദ്ദേഹം ജയിലിലേക്ക് മടങ്ങിയത്‌. പ്രശസ്ത അമേരിക്കൻ ഗായകനും നടനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ഹാരി ബെലാഫോണ്ടെ പറഞ്ഞ വരികളാണിവ.

മൂന്ന് ദിവസത്തെ പരോൾ കഴിഞ്ഞ് ജയിലിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന്റെ ഈ ചിത്രങ്ങൾ 'പ്രതിഷേധത്തിന്റെ പ്രതീകം' എന്ന രീതിയിലാണ് നിരവധിപേർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഒരു വ്യക്തിയെ തടവിലാക്കാം പക്ഷേ ആശയത്തെ തടവിലാക്കാൻ കഴിയില്ലെന്ന സന്ദേശവും ഇതിലൂടെ വ്യക്തമാണ്. 

രോഗബാധിതയായ മാതാവിനെ പരിചരിക്കുന്നതിനും മരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഉമര്‍ ഖാലിദ് കോടതിയെ സമീപിച്ചത്. എന്നാൽ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നത് തടവിലുള്ള പ്രതിക്ക് ജാമ്യം അനുവദിക്കാൻ തക്ക അടിയന്തര പ്രാധാന്യമുള്ള കാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. പിന്നീട് മാതാവിന്റെ ശസ്ത്രക്രിയയുടെ കാര്യത്തിൽ, അവരെ സന്ദര്‍ശിക്കുന്നതിനായി ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ജാമ്യം അനുവദിക്കുകയായിരുന്നു. 

Tags:    
News Summary - Umar Khalid returned to Tihar Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.