ടി.എം.സിയിൽനിന്ന് പുറത്തായ ഋതബ്രത ബാനർജി എം.എൽ.എമാർക്കൊപ്പം വാർത്തസമ്മേളനത്തിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ അഭിപ്രായവ്യത്യാസം രൂക്ഷമായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പിളർന്നു. നേരത്തേ, ടി.എം.സിയിൽനിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള 58 എം.എൽ.എമാർ തങ്ങളാണ് യഥാർഥ തൃണമൂൽ എന്ന് അവകാശപ്പെട്ട് നിയമസഭ സ്പീക്കർ രതീന്ദ്ര ബോസിന് കത്ത് കൈമാറി. 80 പാർട്ടി എം.എൽ.എമാരിൽ മൂന്നിൽ രണ്ടിലധികം പേരുടെ പിന്തുണയോടെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ സ്പീക്കർ അംഗീകരിക്കുകയും ചെയ്തു. ഇതോടെ 20ഓളം എം.എൽ.എമാരുടെ മാത്രം പിന്തുണയുള്ള മമത ബാനർജി വിഭാഗം പാർട്ടിയിൽ ന്യൂനപക്ഷമായി. പിന്നാലെ ടി.എം.സിയുടെ എല്ലാ സംഘടനാ സംവിധാനങ്ങളും പിരിച്ചുവിട്ടതായി മമത വിഭാഗം പ്രഖ്യാപിച്ചു.
ബുധനാഴ്ച വിമത വിഭാഗം പ്രത്യേക യോഗം ചേർന്നാണ് ഋതബ്രത ബാനർജിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. പിന്നാലെ ഋതബ്രതയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 58 എം.എൽ.എമാർ ഒപ്പിട്ട കത്ത് സ്പീക്കർക്ക് നൽകുകയായിരുന്നു. സ്പീക്കർ ഉടനടി ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ വാർത്തസമ്മേളനം നടത്തിയ ഋതബ്രത ബാനർജി 80 എം.എൽ.എമാരിൽ 58 പേരുടെ പിന്തുണയുള്ള തങ്ങളാണ് യഥാർഥ തൃണമൂൽ എന്ന് അവകാശപ്പെട്ടു. നേരത്തേ ഋതബ്രതക്കൊപ്പം പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടിരുന്ന സന്ദീപൻ സാഹയും ജാവേദ് ഖാൻ, ഷിയുലി സാഹ എന്നിവരുമായിരിക്കും സഭയിലെ ടി.എം.സിയുടെ ഉപനേതാക്കൾ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഖ്റുസ്സമാൻ ചീഫ് വിപ്പാവും. മൂന്നിൽ രണ്ട് ഭൂപരിപക്ഷമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാവില്ലെന്നത് വിമത വിഭാഗത്തിന് നേട്ടമാണ്.
അതേസമയം, മമതയെ നേരിട്ട് ആക്രമിക്കാതെയാണ് വിമത വിഭാഗത്തിന്റെ നീക്കം. മമത പാർട്ടിയുടെ മുഖ്യ ഉപദേഷ്ടാവായി തുടരുമെന്നാണ് വിമത ക്യാമ്പ് പറയുന്നത്. എന്നാൽ, തന്റെ പിൻഗാമിയായി മമത വളർത്തിക്കൊണ്ടുവരുന്ന അനന്തരവൻ അഭിഷേക് ബാനർജിയെ അടുപ്പിക്കില്ലെന്നും അവർ വ്യക്തമാക്കുന്നു. മുതിർന്ന ടി.എം.സി നേതാക്കളായ സമർ മുഖോപാധ്യയ്, അരൂപ് റോയ്, രതിൻ ഘോഷ്, പ്രസൂൺ ബാനർജി, സബീന യാസ്മിൻ, സമീർ പാഞ്ച, ഗുലാം റബ്ബാനി, ഇമാനി ബിശ്വാസ്, ഹമീദുറഹ്മാൻ, ദിനൻ റോയ്, ചന്ദ്രനാഥ് സിൻഹ, റിയാസ് ഹുസൈൻ, ഗുൽഷൻ മാലിക്, പിയ പാൽ, സുരജിത് മിത്ര, ജഹാറാണി മൊണ്ഡൽ, അബ്ദുൽ അസീസ് തുടങ്ങിയവരൊക്കെ വിമതനിരയിലുണ്ട്. മമതയുടെ വീട്ടിൽ നടന്ന യോഗത്തിൽനിന്നും മമത നേതൃത്വം നൽകിയ ധർണയിൽനിന്നും ഇവരെല്ലാം വിട്ടുനിന്നിരുന്നു.
അതേസമയം, മമതയുടെ അടുത്ത എം.എൽ.എമാരായി കരുതപ്പെടുന്ന സോവന്ദേബ് ചതോപാധ്യയ്, നയന ബന്തോപാധ്യയ്, മദൻ മിത്ര, കുനാൽ ഘോഷ് തുടങ്ങിയവരൊന്നും വിമതരുടെ കൂടെയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.