മഹുവ മൊയ്ത്ര

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’; മതേതര രാജ്യത്തിന് വേണ്ടി തുടർന്നും പോരാടുമെന്ന് മഹുവ മൊയ്ത്ര

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നതായി ടി.എം.സി നേതാവ് മഹുവ മൊയ്ത്ര. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി.ജെ.പി വൻ വിജയം നേടിയ സാഹചര്യത്തിലാണ് മഹുവയുടെ പ്രതികരണം.

‘ജനങ്ങളുടെ ഇഷ്ടമാണ് പരമപ്രധാനം. ബംഗാൾ ആഗ്രഹിച്ചത് ബി.ജെ.പിയെ ആണെങ്കിൽ, ബംഗാളിന് ബി.ജെ.പിയെ ലഭിച്ചു. ഞങ്ങൾ അതിനെ ബഹുമാനിക്കുന്നു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രതിസന്ധികളോട് പൊരുതിയാണ് ഞങ്ങൾ ഈ പോരാട്ടം നടത്തിയത്. അതിൽ എന്റെ നേതാവിലും പാർട്ടിയിലും എനിക്ക് അഭിമാനമുണ്ട്. ഭരണഘടനക്ക് പ്രാധാന്യമുള്ള, കേവല ഭൂരിപക്ഷത്തിന്റെ പേരിൽ അടിച്ചമർത്തലുകൾ ഇല്ലാത്ത ഒരു മതേതര രാജ്യത്തിന് വേണ്ടി ഞങ്ങൾ തുടർന്നും പോരാടും’ എന്നാണ് മഹുവ എക്സിൽ കുറിച്ചത്.

വർഷങ്ങളായി നീണ്ടുനിന്ന മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ആധിപത്യം അവസാനിപ്പിച്ചാണ് ബംഗാളിൽ ബി.ജെ.പി അധികാരമുറപ്പിച്ചത്. 293 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകൾ വേണമെന്നിരിക്കെ, 207 സീറ്റുകൾ നേടിയാണ് ബി.ജെ.പി കരുത്തുകാട്ടിയത്. തൃണമൂൽ കോൺഗ്രസ് കേവലം 80 സീറ്റുകളിലേക്ക് ഒതുങ്ങി. വോട്ട് വിഹിതത്തിൽ ബി.ജെ.പി 45.84 ശതമാനവും ടി.എം.സി 40.80 ശതമാനവും നേടി.

തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഞെട്ടൽ മമത ബാനർജിയുടെ തോൽവിയായിരുന്നു. തൃണമൂലിന്റെ ഉറച്ച കോട്ടയായ ഭവാനിപൂരിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് 15,105 വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്. സുവേന്ദു അധികാരി 73,917 വോട്ടുകൾ നേടിയപ്പോൾ മമതക്ക് 58,812 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. തൃണമൂൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയും നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ടോളിഗഞ്ച്, ബറൂയിപൂർ, ഹൗറ തുടങ്ങിയ ഇടങ്ങളിൽ ഓഫീസുകൾ തകർക്കുകയും തീയിടുകയും ചെയ്തു. ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് തൃണമൂൽ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്.

Tags:    
News Summary - Mahua Moitra As BJP Topples Mamata's 15-Year Rule In Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.