ഗാന്ധി അഹിംസയുടെ പൂജാരി; എല്ലാവർക്കും വഴികാട്ടി -യോഗി ആദിത്യ നാഥ്​

ലഖ്​നോ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സത്യത്തിന്‍റെയും അഹിംസയുടെയും പൂജാരിയാണെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്​. ഗാന്ധിജിയെ നാഥുറാം വിനായക്​ ഗോഡ്​സെ വെടിവെച്ച്​ കൊന്നതിന്‍റെ വാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുള്ള​ ട്വീറ്റിലാണ്​ യോഗിയുടെ അനുസ്​മരണം.

രാവിലെ ലഖ്​നോ ജി.‌പി.‌ഒ പാർക്കിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ യോഗി പുഷ്പാർച്ചന നടത്തി. 'സത്യത്തിന്‍റെയും അഹിംസയുടെയും പൂജാരി, നമുക്കെല്ലാവർക്കും വഴികാട്ടി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ലഖ്​നോ ജി.‌പി.‌ഒ പാർക്കിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി' യോഗി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങും ഗാന്ധിജിക്ക്​ ആദരാഞ്​ജലി അർപ്പിച്ചു. ഗാന്ധിയുടെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതായി മോദി ട്വീറ്റിൽ കുറിച്ചു. ഗാന്ധിജി പ്രചരിപ്പിച്ച സമാധാനം, അഹിംസ, ലാളിത്യം, വിശുദ്ധി, വിനയം എന്നിവ ജീവിതത്തിൽ പാലിക്കണമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ആഹ്വാനം ചെയ്​തു.

അതേസമയം, ഗാന്ധിയെ കൊലപ്പെടുത്തിയ മത​ഭ്രാന്തൻ നാഥുറാം ​വിനായക്​ ഗോഡ്​സേക്ക്​ നന്ദി പറഞ്ഞ്​ ആയിരക്കണക്കിന്​ ട്വീറ്റുകളുമായി സംഘ്​പരിവാർ അനുകൂലികളും രംഗത്തുണ്ട്​. ഇതോടെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ 'നാഥുറാം ഗോ​ഡ്​സെ' ഹാഷ്​ടാഗ്​ ട്രെൻഡിങ്ങ​ിലെത്തി.


നിരപരാധികളായ നിരവധി ഹിന്ദുക്കളെ ഗാന്ധി കൊലപ്പെടുത്തിയെന്നും രാജ്യം വിഭജിക്കുന്നതിന്​ കാരണമായെന്നുമുള്ള ട്വീറ്റുകളാണ്​ സംഘ്​പരിവാർ പ്രവർത്തകരുടെ പ്രൊഫൈലുകളിൽ നിറയുന്നത്​.

ഗാന്ധി​ജിയെ കൊല​െപ്പടുത്തിയതിലൂടെ യഥാർഥ ദേശസ്​നേഹി ഗോഡ്​സെയാണെന്നും കൊലപാതകത്തിൽ യാതൊരു തെറ്റുമില്ലെന്നും ഈ പ്രൊഫൈലുകളിലൂടെ വിദ്വേഷ പ്രചരണം അഴിച്ചുവിടുന്നുണ്ട്​. ഗോഡ്​സെയുടെ ചിത്രം പങ്കുവെച്ചാണ്​ ട്വീറ്റുകൾ.രാഷ്​ട്രപിതാവിനെ അവഹേളിക്കുന്ന നിരവധി ട്വീറ്റുകളുമുണ്ട്​. 

Tags:    
News Summary - Mahatma Gandhi Martyrs' Day tweet by Prime Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.