അയോഗ്യത നോട്ടീസ്: ശിവസേന എം.എൽ.എമാർ സുപ്രീംകോടതിയിൽ; കേന്ദ്രസേനയെ ആവശ്യപ്പെട്ട് ഗവർണർ

മുംബൈ/ന്യൂഡൽഹി: വിമതസ്വരത്തെ തുടർന്ന് ഒരാഴ്ചയായി നീളുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ഒടുവിൽ സുപ്രീംകോടതിയിൽ. ഡെപ്യൂട്ടി സ്പീക്കർ അയച്ച നോട്ടീസിനെതിരെ ശിവസേനയിലെ വിമത എം.എൽ.എമാർ സുപ്രീംകോടതിയിൽ ഹരജി നൽകി. ഹരജി തിരക്കിട്ട് തിങ്കളാഴ്ച രാവിലെ തന്നെ പരിഗണിക്കും. ഞായറാഴ്ച ഹരജി സമർപ്പിച്ചതിന് പിന്നാലെ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഹരജിയും ഉൾപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ കാരണം ബോധിപ്പിച്ചില്ലെങ്കിൽ അയോഗ്യരാക്കുമെന്നാണ് 16 വിമതർക്ക് ഡെപ്യൂട്ടി സ്പീക്കർ അയച്ച നോട്ടീസിൽ പറയുന്നത്.

വിമത നേതാവ് ഏക്നാഥ് ഷിൻഡെക്കൊപ്പം ഗുവാഹതി ഹോട്ടലിൽ കഴിയുന്ന എം.എൽ.എമാരുമായി അസം മന്ത്രിമാരായ അശോക് സിംഗാളും പിജുഷ് ഹസാരികയും ഞായറാഴ്ച ചർച്ച നടത്തിയിരുന്നു. പിന്നാലെ നടന്ന വിമതരുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഓൺലൈൻ വഴി പങ്കെടുത്തതായി മറാത്തി ചാനൽ റിപ്പോർട്ട് ചെയ്തു. സർക്കാർ രൂപവത്കരണവും വിമതരുടെയും കുടുംബത്തിന്റെയും സുരക്ഷയും ചർച്ചയായതായാണ് റിപ്പോർട്ട്. വൈകീട്ട് നാലിന് മുംബൈയിൽ ബി.ജെ.പി കോർ കമ്മിറ്റി യോഗവും നടന്നു.

അതേസമയം, വിമതർക്കെതിരെ ശിവസൈനികർ തെരുവിലിറങ്ങുകയും സഞ്ജയ് റാവുത്ത്, ആദിത്യ താക്കറെ തുടങ്ങിയ നേതാക്കൾ പ്രകോപന പ്രസ്താവനകൾ നടത്തുകയും ചെയ്തതോടെ കേന്ദ്രസേനകളെ സജ്ജമാക്കാൻ ഗവർണർ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലക്ക് കത്തെഴുതി. ഞായറാഴ്ച 16 വിമത എം.എൽ.എമാർക്ക് കേന്ദ്രം വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിൽ ഏക്നാഥ് ഷിൻഡെയില്ല. വിമതരുടെ പൊലീസ് സുരക്ഷ മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചെന്ന ആരോപണത്തെ തുടർന്നാണ് കേന്ദ്രസുരക്ഷ. ഞായറാഴ്ച കോവിഡ് മാറി രാജ്ഭവനിൽ തിരിച്ചെത്തിയ ഗവർണറും എം.എൽ.എമാരുടെ സുരക്ഷ പുനഃസ്ഥാപിക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. നവിമുംബൈയിലെ തലോജയിൽ കൂടുതൽ കേന്ദ്രസേന എത്തിയിട്ടുണ്ട്. വിമത എം.എൽ.എമാർ മുംബൈയിലെത്തുമ്പോൾ സുരക്ഷ ഒരുക്കാനാണെന്നാണ് സൂചന.

അതിനിടെ, മറ്റൊരു മന്ത്രികൂടി വിമതപക്ഷത്ത് ചേർന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ആണ് കൂറുമാറിയത്. ഇതോടെ 12 ശിവസേന മന്ത്രിമാരിൽ വിമതപക്ഷത്തേക്ക് മാറിയവരുടെ എണ്ണം എട്ടായി. മകൻ ആദിത്യ താക്കറെ അടക്കം നാല് മന്ത്രിമാരാണ് ഉദ്ധവ് താക്കറെ പക്ഷത്ത് ശേഷിക്കുന്നത്. ഇതിൽ രണ്ട് പേർ നിയമസഭ കൗൺസിലിലൂടെ മന്ത്രിയായവരാണ്.

Tags:    
News Summary - Maharashtra Rebel MLAs To Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.