മുംബൈ: മഹാരാഷ്ട്രയിലെ കർഷകരുടെ കടം എഴുതിത്തള്ളിയില്ലെങ്കിൽ സർക്കാറിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ബി.ജെ.പിക്ക് ശിവസേനയുടെ മുന്നറിയിപ്പ്. നാസികിൽ മാധ്യമങ്ങളോട് സംസാരിക്കവെ പാർട്ടി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്താണ് മുന്നറിയിപ്പ് നൽകിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രഖ്യാപിച്ച ഭാഗിക കടം എഴുതിത്തള്ളൽ സ്വീകാര്യമല്ലെന്നും മുഴുവൻ കർഷകരുടെയും കടം എഴുത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണം വിട്ടാൽ തങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ലെന്നും ഇടക്കാല തെരഞ്ഞെടുപ്പിന് ബി.ജെ.പിയെക്കാൾ ശിവസേന തയാറാണെന്നും റാവുത്ത് അവകാശപ്പെട്ടു. കർഷകരുടെ വിഷയത്തിൽ വൃത്തികെട്ട രാഷ്ട്രീയമാണ് ദേവേന്ദ്ര ഫട്നാവിസ് കളിക്കുന്നത്. കർഷക നേതാക്കൾക്കിടയിൽ വിള്ളലുണ്ടാക്കിയത് അദ്ദേഹമാണ് -റാവുത്ത് ആരോപിച്ചു.
288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ ഭരിക്കാൻ 145 പേരുടെ പിൻബലം വേണം. ബി.ജെ.പിക്ക് 123 അംഗങ്ങളാണുള്ളത്. സർക്കാർ നിലനിൽക്കുന്നത് 63 അംഗങ്ങളുള്ള ശിവസേനയുടെ പിന്തുണയിലാണ്. ശിവസേനയെ ഒഴിവാക്കാൻ ഇടക്കാല തെരഞ്ഞെടുപ്പിന് തങ്ങൾ തയാറെടുക്കുകയാണെന്ന് ബി.ജെ.പി നേതാക്കൾ പ്രചരിപ്പിക്കുന്നതിനിട യിലാണ് ശിവസേനയുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.