മുംബൈ: മന്ത്രിമാരുടെ ഉന്നത സമിതിയും കർഷക നേതാക്കളും തമ്മിലെ ചർച്ചക്കൊടുവിൽ 11 ദിവസമായി തുടരുന്ന സമരം മഹാരാഷ്ട്രയിലെ കർഷകർ അവസാനിപ്പിച്ചു. അഞ്ച് ഏക്കറിൽ താഴെ കൃഷിനിലമുള്ള കർഷകരുടെ മുഴുവൻ കടവും എഴുതിത്തള്ളാനും ശേഷിച്ചവരുടെ കാർഷികപ്രശ്നങ്ങൾ പരിഹരിക്കുന്നത് പഠിക്കാൻ നബാർഡ് ചെയർമാൻ വൈ.എസ്.പി. തൊറാട്ടിെൻറ നേതൃത്വത്തിൽ കോർ കമ്മിറ്റി രൂപവത്കരിക്കാനും സർക്കാർ തീരുമാനിച്ചു. കടം എഴുതിത്തള്ളാൻ യോഗ്യരായ കർഷകർക്ക് തിങ്കളാഴ്ച മുതൽ പുതിയ ലോൺ എടുക്കാം.
എന്നാൽ, തീരുമാനങ്ങൾ ജൂലൈ 25നകം നടപ്പാക്കിയില്ലെങ്കിൽ വീണ്ടും സമരവുമായി രംഗത്തുവരുമെന്ന് സ്വാഭിമാൻ ശേത്കാരി സംഘടന അധ്യക്ഷനും എം.പിയുമായ രാജു ഷെട്ടി മുന്നറിയിപ്പ് നൽകി. എൻ.ഡി.എ ഘടകകക്ഷിയാണ് സ്വാഭിമാൻ ശേത്കാരി സംഘടന. തിങ്കളാഴ്ച മുതൽ നടത്താനിരുന്ന സർക്കാർ കാര്യാലയ ഉപരോധം, ട്രെയിൻ തടയൽ എന്നിവ താൽക്കാലികമായി റദ്ദാക്കി.
ചെറുകിട കർഷകരുടെ കടം എഴുതിത്തള്ളാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുഴുവൻ കർഷകരുടെയും കടം എഴുതിത്തള്ളണമെന്ന് കർഷകർ ശഠിച്ചു. റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിെൻറ നേതൃത്വത്തിെല മന്ത്രിമാരുടെ ഉന്നതസമിതിയാണ് രാജു ഷെട്ടി, ബച്ചു കാഡു, ജയിൻ പാട്ടീൽ തുടങ്ങിയവരടങ്ങിയ കർഷകനേതാക്കളുമായി ചർച്ച നടത്തിയത്. ബോംെബ ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.ജി. കൊലസെ പാട്ടീലും യോഗത്തിൽ പെങ്കടുത്തു. എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക ഉൽപന്നങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിക്കുക, 60 കഴിഞ്ഞ കർഷകർക്ക് പെൻഷൻ, ജലസേചനസഹായങ്ങൾ തുടങ്ങിയവയാണ് കർഷകർ മുേന്നാട്ടുവെച്ച മറ്റ് ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.