മുംബൈ: മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 1089 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 19,063 ആയും മരണം 731 ആയും ഉയർന്നു. കഴിഞ്ഞ നാല് ദിവസമായി പ്രതിദിനം ആയിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. 30 ലേറെ പേർ മരിക്കുകയും ചെയ്യുന്നു.
43 പേരുടെ മരണമാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന വലിയ മരണ സംഖ്യയാണിത്. രോഗികളിലും മരിച്ചവരിലും പകുതിയിലേറെയും മുംബൈ നഗരത്തിൽ നിന്നാണ്.
നഗരത്തിലെ ഹോട്ട് സ്പോട്ടായ ധാരാവി ചേരിയിൽ വെള്ളിയാഴ്ച 25 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും നാല് പേർ മരിക്കുകയും ചെയ്തു. 808 പേർക്കാണ് ഇതുവരെ ധാരാവിയിൽ രോഗം പടർന്നത്. 26 പേരുടെ ജീവൻ പൊലിഞ്ഞു.
നഗരത്തിൽ കോവിഡ് വ്യാപനം കുതിക്കുന്ന സാഹചര്യത്തിൽ നഗരസഭ (ബി.എം.സി) കമിഷണർ പ്രവീൺ പർദേശിയെ പദവിയിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ നീക്കി. പർദേശിയെ നഗര വികസന വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ്സെക്രട്ടറിയായി മാറ്റി നിയമിച്ച സർക്കാർ ആ പദവിയിലുണ്ടായിരുന്ന ഇഖ്ബാൽ ചഹലിനെ നഗരസഭ കമിഷണറാക്കി. നഗരസഭയുടെ അഡീഷണൽ കമിഷണറെയും നീക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.