ഖാർഗോൺ: മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ ക്രാന്തിസൂര്യ താന്തിയ ഭിൽ സർവകലാശാലയിലെ 140 അംഗീകൃത അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു.25,000 വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.
മധ്യപ്രദേശ് നിയമസഭയിൽ രേഖാമൂലമുള്ള മറുപടിയിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ സർവകലാശാലയിലെ 140 അക്കാദമിക് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ഇതിൽ 80 അസിസ്റ്റന്റ് പ്രൊഫസർമാരും 40 അസോസിയേറ്റ് പ്രൊഫസർമാരും 20 പ്രൊഫസർമാരും ഉൾപ്പെടുന്നു. കൃഷി, കല, വാണിജ്യം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദ കോഴ്‌സുകളും ബിരുദാനന്തര കോമേഴ്‌സ് പ്രോഗ്രാമും സർവകലാശാലയിൽ നടത്തുന്നുണ്ട്.
എത്ര തസ്തികകൾ നികത്തി, എത്ര ഒഴിവുകൾ ബാക്കി, ഒടുവിൽ നിയമനം എപ്പോൾ നടക്കും എന്നിവയെക്കുറിച്ച് കോൺഗ്രസ് എം.എൽ.എ ഡോ. ജുമ സോളങ്കിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തസ്തികകളൊന്നും നികത്തിയിട്ടില്ലെന്നും അവ എപ്പോൾ നികത്തുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകൾ കൃത്യസമയത്ത് നടത്തുന്നില്ല, ഫലങ്ങൾ വൈകുന്നു,പരീക്ഷകൾ നടക്കുമ്പോൾ മാർക്ക് ഷീറ്റുകൾ ലഭിക്കുന്നില്ല. ഇതുമൂലം സ്കോളർഷിപ്പുകൾ തടസ്സപ്പെടുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു.
മധ്യപ്രദേശിലെ ചിന്ദ്വാരയിൽ രാജാ ശങ്കർ ഷാ സർവകലാശാലയിൽ 100 അംഗീകൃത അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായും റിപ്പോർട്ടുകൾ വന്നു.
അതേ സമയം, ഒഴിവുള്ള തസ്തികകൾ നികത്താൻ സർക്കാർ സർവകലാശാലകളോട് പറഞ്ഞതായി രാജാ ശങ്കർ ഷാ സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. ഇന്ദ്ര പ്രസാദ് ത്രിപാഠി അറിയിച്ചു.നിയമന പ്രക്രിയ നാലോ അഞ്ചോ മാസത്തിനുള്ളിൽ പൂർത്തിയാക്കും.
അതേ സമയം ഖാർഗോണിൽ 119 കോടി രൂപയുടെ കെട്ടിട നിർമ്മാണ പദ്ധതിക്കായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കിയിട്ടുണ്ടെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ പറഞ്ഞു.
മധ്യപ്രദേശിലെ 17 സർക്കാർ സർവകലാശാലകളിലായി അനുവദിച്ച 1,069 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ 793 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.അഞ്ച് സർവകലാശാലകളിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ നിയമനം പോലും നടന്നിട്ടില്ല.
രാജാ ശങ്കർ ഷാ സർവകലാശാല, ക്രാന്തിവീർ താന്ത്യാ തോപ്പ് സർവകലാശാല, ക്രാന്തിസൂര്യ താന്ത്യാ ഭിൽ സർവകലാശാല, മഹാരാജ ഛത്രസൽ ബുന്ദേൽഖണ്ഡ് സർവകലാശാല, റാണി അവന്തിഭായ് ലോധി സർവകലാശാല എന്നിവിടങ്ങളിലെല്ലാം ഒരു അസിസ്റ്റന്റ് പ്രൊഫസർ പോലുമില്ലാതെയാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.