Representational Image

കോവിഡ്: ഡെല്‍റ്റ പ്ലസ് ബാധിച്ച് ആദ്യ മരണം മധ്യപ്രദേശില്‍

ഭോപ്പാല്‍: കൊറോണ വൈറസിന്റെ വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മധ്യപ്രദേശില്‍ സ്ഥിരീകരിച്ചു. ഉജ്ജയിനില്‍ മേയ് 23ന് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സാംപിള്‍ ശേഖരിച്ച് ജനിതക ശ്രേണീകരണം നടത്തിയാണ് ബാധിച്ചത് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് കണ്ടെത്തിയത്. ഡെല്‍റ്റ പ്ലസിന് അതിവ്യാപന ശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്.

മധ്യപ്രദേശില്‍ അഞ്ച് പേരിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മൂന്നു പേര്‍ തലസ്ഥാനമായ ഭോപ്പാലിലും രണ്ട് പേര്‍ ഉജ്ജയിനിലുമാണ്. ഇവരില്‍ മരിച്ചയാള്‍ക്ക് പുറമേയുള്ള നാലുപേരും രോഗമുക്തി നേടിയിട്ടുണ്ട്.


മരിച്ചയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നത് ഉള്‍പ്പെടെ പ്രതിരോധ നടപടികള്‍ തുടരുകയാണെന്ന് മധ്യപ്രദേശ് ആരോഗ്യ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പരിശോധനയും ജനിതക ശ്രേണീകരണവും വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ഡെല്‍റ്റ പ്ലസ് ബാധിച്ച് രോഗമുക്തി നേടിയ നാലുപേരും വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, മരണമടഞ്ഞ വ്യക്തി വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല.

ഡെല്‍റ്റ പ്ലസ് വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും ഒരാളില്‍ വൈറസ് സ്ഥിരീകരിച്ചു.

Tags:    
News Summary - Madhya Pradesh records first death from Delta Plus variant of Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.