മുംബൈ: ബി.ജെ.പി ഭരണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ വളർച്ച വിഡിയോയിലൂടെ തുറന്നുകാട്ടി മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ് ) അധ്യക്ഷൻ രാജ് താക്കറെ. നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച നഗരത്തിലെ ശിവജി പാർക്കിൽ എം.എൻ.എസ്- ശിവസേന (യു.ബി.ടി) സംയുക്ത റാലിയിലാണ് സംഭവം.
ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലായിരുന്നു രാജിന്റെ വിഡിയോ പ്രദർശനം. ജനങ്ങളെ ഹിന്ദു-മുസ്ലിം, ഹിന്ദു-മറാത്തി വികാരങ്ങളിൽ തളച്ചിട്ട് ബി.ജെ.പി സർക്കാർ രാജ്യത്തെ ഭൂസ്വത്ത് അദാനിക്ക് തീറെഴുതി നൽകുകയാണെന്ന് രാജ് ആരോപിച്ചു.
2014 വരെ അദാനിയുടെ വ്യവസായം പരിമിതമായിരുന്നുവെന്നും ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ സിമന്റ് നിർമാണം, വിമാനത്താവളം, തുറമുഖം, വൈദ്യുതി വിതരണം, പുനർനിർമാണം തുടങ്ങി അദാനിയുടെ വ്യവസായം പെരുകിയെന്നും രാജ് പറഞ്ഞു. 2014ന് ശേഷം മുംബൈയിലുൾപ്പെടെ മഹാരാഷ്ട്രയിൽ അദാനി ഗ്രൂപ്പിന് വൻതോതിലാണ് പദ്ധതികളും ഭൂമിയും നൽകിയത്. താരാപുർ ആണവോർജ പദ്ധതി, തുൻഗരേശ്വർ വന്യജീവി സങ്കേതം, ബാന്ദ്ര പുനരധിവാസ പദ്ധതി, ടിട്വാല, മൊഹാനെ, അമ്പിവലി, ശഹദ് എന്നിവിടങ്ങളിൽ സിമന്റ് നിർമാണത്തിനായി ഭൂമി, സ്മാർട്ട് വൈദ്യുത മീറ്ററുകൾ സ്ഥാപിക്കാൻ 13,888 കോടിയുടെ പദ്ധതി തുടങ്ങി മഹാരാഷ്ട്രയിൽ അദാനി ഗ്രൂപ്പിന് ലഭിച്ച പദ്ധതികൾ രാജ് എണ്ണിപ്പറഞ്ഞു.
മുംബൈ വിമാനത്താവളവും ധാരാവിയും അദാനിക്ക് വിൽക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. വ്യവസായത്തിനും വ്യവസായികൾക്കും എതിരല്ലെന്നും എല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും രാജ് പറഞ്ഞു. 2023ൽ രാജ് താക്കറെയുടെ വീട്ടിൽ ചെന്ന് ഗൗതം അദാനി സന്ദർശിച്ചതിന്റെ ചിത്രവുമായാണ് ബി.ജെ.പി ഇതിനോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.