ന്യൂഡൽഹി: ജാമ്യ ഹരജികൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ടെന്ന് കീഴ്കോടതികളോട് സുപ്രീംകോടതിയുടെ ഓർമപ്പെടുത്തൽ. ജാമ്യം യാന്ത്രികമായി നിഷേധിക്കാൻ പാടില്ലെങ്കിലും അപ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചും വസ്തുനിഷ്ഠമായ തെളിവുകൾ അവഗണിച്ചും ജാമ്യം അനുവദിക്കാൻ പാടില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
പോക്‌സോ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയുടെയും ആർ. മഹാദേവന്‍റെയും ബെഞ്ചിന്റെ നിരീക്ഷണം. കുറ്റകൃത്യത്തിന്‍റെ തീവ്രതയും ഇരക്ക് ഉണ്ടാകാവുന്ന ഭീഷണി സാധ്യതയും ഹൈകോടതി അവഗണിച്ചെന്നും ജാമ്യ ഉത്തരവ് യുക്തിക്ക് നിരക്കുന്നതല്ലെന്നും വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ സമർപ്പിക്കുമ്പോൾ കോടതി കുറ്റകൃത്യത്തിന്‍റെ സ്വഭാവവും തീവ്രതയും അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളും പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ആയുധം കാട്ടി ഭീഷണി മുഴക്കി തുടർച്ചയായി ബലാത്സംഗം നടത്തിയെന്ന കേസിലായിരുന്നു കോടതിയുടെ ഇടപെടൽ. ബ്ലാക്ക്‌മെയിൽ ചെയ്യാനായി ലൈംഗികാതിക്രമം റെക്കോഡ് ചെയ്തു. അത് ഇരയുടെ ജീവിതം തകർക്കുന്നതാണെന്നും സമൂഹ മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു. പെൺകുട്ടിയെ ആറ് മാസത്തോളം കൂട്ടബലാത്സംഗം ചെയ്യുകയും പ്രതി അത് മൊബൈലിൽ ചിത്രീകരിച്ച് ഇരയെ വീണ്ടും വീണ്ടും ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്തു.
2024 ഡിസംബർ 2 നാണ് കേസ് രജിസ്റ്റർ ചെയ്തത്. സെഷൻസ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചെങ്കിലും ഹൈകോടതി ജാമ്യം അനുവദിച്ചു. അത് ചോദ്യം ചെയ്താണ് ഇര സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യത്തിലിറങ്ങിയ പ്രതി തന്‍റെ ഗ്രാമത്തിലെത്തി ഭീഷണി മുഴക്കുകയാണെന്ന് പെൺകുട്ടി ഹരജിയിൽ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്‍റെ തീവ്രതയും സ്വഭാവവും കണക്കിലെടുക്കാതെയാണ് ഹൈകോടതിയുടെ നടപടിയെന്ന് ജസ്റ്റിസ് മഹാദേവൻ വിധിന്യായത്തിൽ എടുത്തു പറഞ്ഞു.
വസ്തുതാപരമായ ഘടകങ്ങൾ പരിഗണിക്കാതെ ജാമ്യം നൽകിയതിനാൽ ഉത്തരവിൽ ഇടപെടൽ അനിവാര്യമാണ്. ഇരയും പ്രതിയും ഒരേ പ്രദേശത്ത് വസിക്കുന്നവരായതിനാൽ പെൺകുട്ടിക്ക് നേരെ ഭീഷണിയും ആക്രമണവും തുടരാനുള്ള സാധ്യത ഹൈകോടതി പരിഗണിച്ചില്ല. പെൺകുട്ടി ഭീതിയിലും മാനസിക സമ്മർദത്തിലാണെന്നുമാണ് ശിശുക്ഷേമ സമിതിയുടെ കൗൺസലിങ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയെ ജാമ്യത്തിൽ വിടുന്നത് ഇരയുടെ മാനസിക സമ്മർദം കൂട്ടുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം റദ്ദാക്കിയ കോടതി പ്രതി രണ്ടാഴ്ചക്കകം കോടതിക്ക് മുമ്പാകെ കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.