ന്യൂഡൽഹി: സൗത്ത് ബ്ലോക്കിൽ നിന്നും സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലേക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) മാറുന്നു. സേവാ തീര്‍ഥ് (സേവനത്തിന്‍റെ പുണ്യസ്ഥലം) എന്ന് പേരിട്ടിട്ടുള്ള കെട്ടിട സമുച്ചയത്തിലേക്ക് ജനുവരി 14ന് ശേഷം പി.എം.ഒയുടെ പ്രവർത്തനം മാറുമെന്നാണ് റിപ്പോർട്ട്.
സേവാ തീർഥ് ഒന്നിൽ പ്രധാനമന്ത്രിയുടെ ഓഫിസും, സേവാ തീർഥ് രണ്ടിൽ കാബിനറ്റ് സെക്രട്ടേറിയറ്റും പ്രവർത്തിക്കും. സേവാ തീർഥ് മൂന്നിൽ നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫിസുമാണ്. നിർമാണ സമയത്ത് എക്‌സിക്യൂട്ടിവ് എന്‍ക്ലേവ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. 2,26,203 ചതുരശ്ര അടി വിസ്തൃതിയിലുള്ള സേവാ തീർഥ് 2022ൽ 1,189 കോടി രൂപക്ക് ലാർസൻ ആൻഡ് ട്യൂബ്രോ കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തത്. നിർമാണ സമയത്ത് എക്‌സിക്യൂട്ടിവ് എന്‍ക്ലേവ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്.
പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണവും ഓഫിസിന് സമീപം പുരോഗമിക്കുന്നുണ്ട്. ഇത് പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രി നിലവിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽനിന്ന് ഇവിടേക്ക് താമസം മാറും.1947 മുതൽ സൗത്ത് ബ്ലോക്കിലാണ് പി.എം.ഒ പ്രവർത്തിക്കുന്നത്. സമീപത്തുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവുമായിരുന്നു. ഈ മന്ത്രാലയങ്ങൾ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ഇന്ത്യാ ഗേറ്റിന് സമീപത്തെ കർത്തവ്യ ഭവനിലേക്ക് മാറ്റിയിരുന്നു. സൗത്ത് ബ്ലോക്കിൽ നിന്നും നോർത്ത് ബ്ലോക്കിൽ നിന്നും മന്ത്രാലയങ്ങൾ മാറുന്നതോടെ ഇവിടെ മ്യൂസിയമാക്കി മാറ്റും. പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ സെൻട്രൽ വിസ്ത പദ്ധതി 2019ലാണ് കേന്ദ്ര സർക്കാർ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.