സുപ്രീംകോടതി

‘അറപ്പുളവാക്കുന്നത്...’ -യാത്രക്കിടെ ട്രെയിൻ കംപാർട്മെന്‍റിൽ മൂത്രമൊഴിച്ച ജഡ്ജിയെ സർവീസിൽ തിരിച്ചെടുത്തതിന് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി: യാത്രക്കിടെ ട്രെയിൻ കംപാർട്മെന്‍റിൽ മൂത്രമൊഴിച്ച ജഡ്ജിയുടെ പ്രവൃത്തി ‘‘അറപ്പുളവാക്കുന്നത്...’’ എന്ന് സുപ്രീംകോടതി. മധ്യപ്രദേശിലെ ഒരു സിവിൽ ജഡ്ജിയുടെ മോശം പെരുമാറ്റത്തെക്കുറിച്ചാണ് സുപ്രീംകോടതി ഈ പരാമർശം നടത്തിയത്. ജഡ്ജിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയിൽ ഇടപെടാനുള്ള ഹൈകോടതിയുടെ നടപടിയെ ചോദ്യം ചെയ്ത സുപ്രീംകോടതി, ഈ ജഡ്ജിയെ സർവീസിൽ തിരിച്ചെടുത്തത് സ്റ്റേ ചെയ്യുകയും ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

2018ൽ പ്രസ്തുത സിവിൽ ജഡ്‍ജി ഇൻഡോറിൽനിന്ന് ജബൽപൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്തപ്പോഴാണ് കേസിനാസ്പദമായ സംഭവം. യാത്രക്കിടെ മദ്യപിച്ച് പലരോടും വഴക്കിട്ട ജഡ്‍ജി, സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ കംപാർട്ട്‍മെന്‍റിലെ സീറ്റിൽ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. യാത്രക്കാരെ കയ്യേറ്റം ചെയ്ത ഇയാൾ ടി.ടി.ഇയുടെ ജോലി തടസ്സപ്പെടുത്തി. ജുഡീഷ്യൽ ഐഡി കാർഡ് കാട്ടി യാത്രക്കാർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. മേലധികാരികളെ രേഖാമൂലം അറിയിക്കാതെ, ജോലിക്ക് ഹാജരാകാതെയായിരുന്നു ഈ യാത്ര. ഇയാൾക്കെതിരെ ടി.ടി.ഇ നൽകിയ പരാതിയെ തുടർന്നാണ് റയിൽവെ നിയമത്തിന് കീഴിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ കുറ്റമുക്തനാക്കപ്പെട്ടെങ്കിലും, വകുപ്പുതല അന്വേഷണത്തിൽ കുറ്റാരോപണങ്ങൾ തെളിഞ്ഞതിനാൽ അഡ്‍മിനിസ്ട്രേറ്റീവ് കമ്മിറ്റി ജഡ്‍ജിയെ സർവീസിൽനിന്ന് പുറത്താക്കാൻ ശിപാർശ ചെയ്തു. തീരുമാനം ഹൈകോടതി ശരിവെക്കുകയും 2019 ൽ പിരിച്ചുവിട്ട് ഗവർണർ ഉത്തരവിറക്കുകയും ചെയ്തു.

പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ഹൈകോടതിയിൽ എത്തിയപ്പോൾ, ട്രെയിനിൽ ഉണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ള പ്രോസിക്യൂഷൻ സാക്ഷികൾ കൂറ് മാറിയതിനാൽ കുറ്റമുക്തനാക്കുകയാണ് ചെയ്തത്. സർവീസിൽനിന്ന് പുറത്താക്കിയ നടപടി 2025 ൽ മധ്യപ്രദേശ് ഹൈകോടതിയും റദ്ദാക്കി.

ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഹൈകോടതിയുടെ അഡ്‍മിനിസ്ട്രേറ്റീവ് വകുപ്പാണ് സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തത്. അച്ചടക്ക നടപടിയിൽ ഹൈകോടതി ഇടപെടൽ നടത്തിയതിനെ സുപ്രീംകോടതി ചോദ്യം ചെയ്തു. വിഷയത്തിൽ സംസ്ഥാന സർക്കാറിന്‍റെ പ്രതികരണം അറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Disgusting.... -Supreme Court On Judicial Officer Found Urinating In Train Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.