ന്യൂഡൽഹി: രാജ് താക്കറെയെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ. താൻ മുംബൈയിൽ പ്രവേശിക്കുന്നത് തടയാനാണ് അണ്ണാമലൈയുടെ വെല്ലുവിളി. ബി.ജെ.പി നേതാവിനെ ‘രസമല’ എന്ന് താക്കറെ പരിഹസിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികരണം. ‘മുംബൈയിലേക്ക് ഞാൻ വരും, എന്റെ കാലുകൾ വെട്ടാൻ ശ്രമിക്കൂ’ എന്ന് രാജ് താക്കറെയെ അണ്ണാമലൈ തിരിച്ചടിച്ചു. നേരത്തെ, മുംബൈ മഹാരാഷ്ട്രയുടേതല്ലെന്നും ‘അന്താരാഷ്ട്ര നഗര’മാണെന്നും പറഞ്ഞതിന് അണ്ണാമലൈയെ താക്കറെ കടന്നാക്രമിച്ചിരുന്നു.
ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ, തനിക്ക് നിരവധി ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്നും ചിലർ തന്റെ കാലുകൾ വെട്ടിക്കളയുമെന്ന് പോലും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു. ‘എന്നെ ഭീഷണിപ്പെടുത്താൻ ആദിത്യ താക്കറെയും രാജ് താക്കറെയും ആരാണ്? ഒരു കർഷകന്റെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു. എന്നെ അധിക്ഷേപിക്കാൻ വേണ്ടി അവർ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഞാൻ അത്ര പ്രധാനപ്പെട്ടവനായി മാറിയോ എന്ന് എനിക്കറിയില്ല. ഞാൻ മുംബൈയിൽ വന്നാൽ എന്റെ കാലുകൾ വെട്ടിക്കളയുമെന്ന് ചിലർ എഴുതിയിട്ടുണ്ട്. ഞാൻ മുംബൈയിൽ വരും. എന്റെ കാലുകൾ വെട്ടിക്കളയാൻ ശ്രമിക്കൂ. അത്തരം ഭീഷണികളെ ഞാൻ ഭയപ്പെട്ടിരുന്നെങ്കിൽ ഞാൻ എന്റെ ഗ്രാമത്തിൽ തന്നെ താമസിക്കുമായിരുന്നു’ എന്നും മുൻ തമിഴ്‌നാട് ബി.ജെ.പി മേധാവി കൂട്ടിച്ചേർത്തു.
മുംബൈയിൽ നടന്ന യു.ബി.ടി-എം.എൻ.എസ് സംയുക്ത റാലിയിൽ, 1960 കളിൽ അമ്മാവൻ ബാൽ താക്കറെ ഉയർത്തിയ മുദ്രാവാക്യം ചേർത്തുവെച്ചുകൊണ്ടായിരുന്നു താക്കറെയുടെ പരിഹാസം. ‘ഒരു രസമല തമിഴ്‌നാട്ടിൽ നിന്നാണ് വന്നത്... ഇവിടെ നിങ്ങൾക്ക് എന്താണ് ബന്ധം? ഹട്ടാവോ ലുങ്കി, ബജാവോ പുങ്കി’ എന്നായിരുന്നു അത്. കൂടാതെ, ബിഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള ആളുകൾ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അവരെ മഹാരാഷ്ട്രയിൽ നിന്ന് പുറത്താക്കുമെന്നും താക്കറെ പറഞ്ഞു. ഹിന്ദി നിങ്ങളുടെ ഭാഷയല്ലെന്ന് യു.പിയിലെയും ബിഹാറിലെയും ആളുകൾ മനസ്സിലാക്കണം. എനിക്ക് ഭാഷയോട് വെറുപ്പില്ല... പക്ഷേ, നിങ്ങൾ അത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഞാൻ നിങ്ങളെ ചവിട്ടിമെതിക്കും. അവർ എല്ലാ വശങ്ങളിൽ നിന്നും മഹാരാഷ്ട്രയിലേക്ക് വന്ന് നിങ്ങളുടെ വിഹിതം തട്ടിയെടുക്കുന്നുവെന്നും’ രാജ് താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.