ന്യൂഡൽഹി: രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ് മൊഴി നൽകാൻ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരായി. രാവിലെ 11 മണിയോടെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയ വിജയ് വൈകീട്ട് അഞ്ച് മണിക്കാണ് മൊഴിയെടുപ്പ് പൂർത്തിയാക്കി പുറത്തേക്കുവന്നത്.
രണ്ട് അഭിഭാഷകരും വിജയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സി.ബി.ഐ ആസ്ഥാനത്തിനുപുറത്ത് വിജയിയുടെ നിരവധി ആരാധകർ തടിച്ചുകൂടി. ബി.എൻ.എസ് 179 പ്രകാരം സാക്ഷി എന്ന നിലയിലാണ് വിജയ്ക്ക് സി.ബി.ഐ സമന്‍സ് നല്‍കിയത്.
ദുരന്തത്തിന് പിന്നിലെയുണ്ടായ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സി.ബി.ഐ പരിശോധിക്കുന്നത്. ടി.വി.കെ നേതാക്കളായ ബുസ്സി ആനന്ദ്, ആദവ് അർജുന, സി.ടി.ആർ. നിർമൽ കുമാർ ഉൾപ്പെടെയുള്ളവരിൽനിന്നും കരൂർ കലക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവരിൽ നിന്നും ഡിസംബർ അവസാനവാരം സി.ബി.ഐ മൊഴിയെടുത്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 27ന് വിജയ് പങ്കെടുത്ത റാലിക്കിടെയാണ് ദാരുണ സംഭവം ഉണ്ടായത്. കരൂര്‍ ദുരന്തം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ടി.വി.കെ അടക്കമുള്ള കക്ഷികൾ നൽകിയ ഹരജിയിൽ സുപ്രീംകോടതിയാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.