‘സനാതന പാരമ്പര്യം പിന്തുടരാത്തവർ രാക്ഷസ സ്വഭാവക്കാർ’; ബി.ജെ.പി നേതാവിന്‍റെ സ്ത്രീ വിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് മധ്യപ്രദേശ് മന്ത്രി

ഇൻഡോർ: ബി.ജെ.പി ദേശിയ ജനറൽ സെക്രട്ടറി കൈലാശ് വിജയവർഗീയയുടെ 'ശൂർപ്പണഖ' പരാമർശത്തെ പിന്തുണച്ച് മധ്യപ്രദേശ് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂർ. സനാതന പാരമ്പര്യം പിന്തുടരാത്തവർ രാക്ഷസ സ്വഭാവക്കാരാണെന്ന് ഉഷാ താക്കുർ പറഞ്ഞു. മോശമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്ന കൈലാഷ് വിജയവർഗീയയുടെ പ്രസ്താവന വിവാദമായിരുന്നു.

കൈലാശ് വിജയവർഗീയയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മഹിള കോൺഗ്രസ് പ്രസിഡന്റ് വിഭ പട്ടേൽ രംഗത്തെത്തി. അസഭ്യ സംസാരത്തിലൂടെ സ്വയം വലിയ നേതാവാണെന്ന് വരുത്തിതീർക്കുകയാണ് വിജയവർഗീയ. എന്നാൽ, പറയുന്ന വാക്കുകളിൽ അദ്ദേഹം ജാഗ്രത പുലർത്തണം. വിജയവർഗീയ ഏത് കാലത്താണ് ജീവിക്കുന്നത്. സർവ മേഖലകളിലും സ്ത്രീകൾ മുന്നേറുന്ന കാലമാണിത്. ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും സ്ത്രീകൾക്ക് അവകാശമുണ്ട്. നേതാക്കൾ സംസാരിക്കുമ്പോൾ അവരുടെ അന്തസ് കൂടി ആലോചിക്കണമെന്നും വിഭ പട്ടേൽ ചൂണ്ടിക്കാട്ടി.

വിജയവർഗീയയുടെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് ബി.ജെ.പി വക്താവ് നേഹ ബഗ്ഗ പറഞ്ഞു. മദ്യത്തിൽ അകപ്പെടുന്ന പെൺകുട്ടികളെ കുറിച്ച് മാതാപിതാക്കളിൽ അവബോധമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഒരു പിതാവ് എന്ന നിലയിലാണ് അദ്ദേഹം പ്രസ്താവന നടത്തിയതെന്നും ബഗ്ഗ വ്യക്തമാക്കി.

മോശമായി വസ്ത്രധാരണം ചെയ്യുന്ന പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്നും ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കണ്ടാൽ അടിക്കാൻ തോന്നാറുണ്ടെന്നുമായിരുന്നു ബി.ജെ.പി ജനറൽ സെക്രട്ടറിയുടെ വിവാദ പരാമർശം. രാമായണത്തിലെ രാവണന്റെ സഹോദരിയാണ് ശൂർപ്പണഖ.

Tags:    
News Summary - Madhya Pradesh Minister Supports BJP Leader's "Surpanakha" Remark Amid Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.