ഇതിനകം തന്നെ ധാരാളം സമയം വെറുതെ പാഴാക്കിയതിനാൽ പുതിയ ഇന്ത്യക്കായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ 54ാമത് ബിരുദധാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
സൗകര്യത്തേക്കാൾ വെല്ലുവിളികളെ തെരഞ്ഞെടുക്കാനും അടുത്ത 25 വർഷത്തിനുള്ളിൽ പുതിയ ഇന്ത്യക്കായി പ്രവർത്തിക്കാനും മോദി വിദ്യാർഥികളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ ഭരണം ഏറ്റെടുക്കും വിധം ഉയർന്ന് വരണമെന്നും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യം ലഭിച്ചത് മുതൽ പുതിയ ഇന്ത്യക്ക് വേണ്ടിയുള്ള യാത്ര ആരംഭിച്ചെന്നും എന്നാൽ 25 വർഷമായി സ്വന്തം കാലിൽ നിൽക്കാനുള്ള ഓട്ടത്തിനൊടുവിൽ ഒരുപാട് സമയം പാഴായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഒരുപാട് സമയം ഇതിനോടകം തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. രണ്ട് തലമുറകൾ കടന്ന് പോയി. ഇനി നഷ്ടപ്പെടുത്താൻ നമ്മളുടെ പക്കൽ സമയം ഇല്ല -മോദി പറഞ്ഞു.
രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും അടുത്ത 25 വർഷത്തേക്ക് രാജ്യത്തിന്‍റെ വികസനങ്ങൾക്ക് ദിശാബോധം നൽകാനുള്ള ഉത്തരവാദിത്തം നിങ്ങളുടെതാണെന്നും മോദി വിദ്യാർത്ഥികളോട് പറഞ്ഞു.
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത ചടങ്ങിൽ ബ്ലോക്ക് ചെയിൻ അടിസ്ഥാനമായ പുതിയ ബിരുദ കോഴ്സുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.