ആർ. സുധ
ന്യൂഡൽഹി: പ്രഭാത നടത്തത്തിനിടെ ലോക്‌സഭാംഗം ആർ. സുധയുടെ മാല മോഷ്ടിച്ച ആളെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതിചെയ്യുന്ന അതിസുരക്ഷ മേഖലയായ ചാണക്യപുരിയിലാണ് തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് എം.പിയായ സുധയുടെ സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാവ് കഴുത്തിൽനിന്ന് പൊട്ടിച്ചെടുത്തത്. സംഭവത്തിൽ സുധയുടെ കഴുത്തിൽ പരിക്കേൽക്കുകയും വസ്ത്രങ്ങൾ കീറിപ്പോകുകയും ചെയ്തിരുന്നു.
കവർച്ച ചെയ്ത ചെയിനും കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രതി ഓഖ്‌ല നിവാസിയാണെന്നും സൗത്ത് ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. മോഷണത്തിന് ശേഷം പ്രതി സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള എം.പിയാണ് സുധ. പ്രഭാത നടത്തത്തിനിടെ, മുഖം മറയ്ക്കുന്ന ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അയാൾ പതുക്കെ ബൈക്ക് ഓടിച്ചിരുന്നതിനാൽ തനിക്ക് സംശയമൊന്നും തോന്നിയില്ല എന്ന് എം.പി പറഞ്ഞു. ഈ മോഷണം നയതന്ത്ര മേഖലയിലെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതായി അവർ പറഞ്ഞു.
സുധയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഡൽഹി പൊലീസ് ഒന്നിലധികം അന്വേഷണ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്. ചാണക്യപുരി പോലെ അതിസുരക്ഷ മേഖലയിൽ വെച്ചുണ്ടായ അതിക്രമം ഞെട്ടിച്ചുവെന്നും ദേശീയ തലസ്ഥാനത്തെ അതിസുരക്ഷ മേഖലയില്‍ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാനാകുന്നില്ലെങ്കില്‍ രാജ്യത്ത് മറ്റെവിടെയാണ് സാധിക്കുകയെന്നും സുധ പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് ചോദിച്ചു.
അതിക്രമം നടക്കുമ്പോൾ നിരവധി പേർ പരിസരത്തുണ്ടായിരുന്നു. സഹായം അഭ്യർഥിച്ചിട്ടും ആളുകൾ നോക്കിനിൽക്കുകയായിരുന്നു. അതുവഴി വന്ന പൊലീസ് പട്രോൾ സംഘത്തോട് വിഷയം പറഞ്ഞപ്പോൾ ചാണക്യപുരി സ്റ്റേഷനിൽ പരാതി നൽകാനാണ് ആവശ്യപ്പെട്ടത്. പെട്ടെന്നുള്ള നടപടി ഉണ്ടായില്ലെന്നും എം.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.