ലോക്സഭ തെരഞ്ഞെടുപ്പ് വിഷയമാക്കി ബോട്ടിൽ കലാകാരനായ ബസവരാജ് തീർത്ത കലാനിർമിതി
ബംഗളൂരു: കർണാടകയിലെ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിങ് വെളളിയാഴ്ച നടക്കും. 14 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ബുധനാഴ്ച സമാപിച്ചു. വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണമായതിനാൽ പരസ്യ പ്രചാരണങ്ങളിൽനിന്ന് സ്ഥാനാർഥികൾ വിട്ടുനിൽക്കും. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ സജീവമാവും. ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു റൂറൽ, ദക്ഷിണ കന്നട, ഉഡുപ്പി -ചിക്കമഗളൂരു, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലാപുര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച പോളിങ് നടക്കുക.
തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിക്കുന്ന ബുധനാഴ്ച ബംഗളൂരു റൂറൽ മണ്ഡലത്തിലെ കനക്പുരയിൽ കോൺഗ്രസ് സ്ഥാനാർഥി ഡി.കെ. സുരേഷിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച റാലിയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കെടുത്തപ്പോൾ
കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്, സി.പി.എം, ബി.എസ്.പി പാർട്ടികളുടെ സ്ഥാനാർഥികളും സ്വതന്ത്രരും ഉൾപ്പെടെ 247 പേരാണ് 14 മണ്ഡലങ്ങളിൽ മത്സരരംഗത്തുള്ളത്. ഇതിൽ 21 വനിതകളും 226 പുരുഷ സ്ഥാനാർഥികളുമാണ്. മൊത്തം 358 പേരാണ് പത്രിക നൽകിയിരിക്കുന്നത്. ബാക്കി പേർ പിൻവലിച്ചു. 14 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയപ്പോൾ ബി.ജെ.പിയും ജെ.ഡി-എസും സഖ്യമായതിനാൽ 11 സീറ്റിൽ ബി.ജെ.പിയും മൂന്ന് സീറ്റിൽ ജെ.ഡി-എസും മത്സരിക്കും. ഹാസൻ, മാണ്ഡ്യ, കോലാർ എന്നിവിടങ്ങളിലാണ് ജെ.ഡി-എസ് മത്സരിക്കുക.
ബംഗളൂരു സൗത്ത് ബി.ജെ.പി സ്ഥാനാർഥി തേജസ്വി സൂര്യ ബുധനാഴ്ച പ്രചാരണത്തിനിടെ
ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, നേതാക്കളായ മീനാക്ഷി ലേഖി തുടങ്ങിയവർ പ്രചാരണത്തിനെത്തി. മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മകനും കർണാടക അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്രയും പ്രതിപക്ഷ നേതാവ് ആർ. അശോകയുമായിരുന്നു കർണാടക നേതാക്കളിൽ കാര്യമായി പ്രചാരണ രംഗത്തുണ്ടായിരുന്നത്. ജെ.ഡി-എസിനായി 92ാം വയസ്സിലും പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ തന്നെ രംഗത്തിറങ്ങി.
മാണ്ഡ്യയിലെ സ്ഥാനാർഥിയായ എച്ച്.ഡി. കുമാരസ്വാമി മറ്റു മണ്ഡലങ്ങളിലും ബി.ജെ.പി നേതാക്കൾക്കൊപ്പം പ്രചാരണം നടത്തി. കോൺഗ്രസിനായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, ജനറൽ സെക്രട്ടറിമാരായ രാഹുൽ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, രൺദീപ് സിങ് സുർജെ വാല, ജയ്റാം രമേശ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവർക്ക് പുറമെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ തുടങ്ങിയവർ പ്രചാരണം നയിച്ചു. 2,88,19,342 വോട്ടർമാർക്കായി 30602 പോളിങ് ബൂത്തുകൾ സജ്ജമായി. കർണാടകയിൽ മൊത്തം 5,47,72,300 വോട്ടർമാരാണുള്ളത്. പോളിങ്ങിനായി 58871 ബൂത്തുകളാണൊരുക്കുക. ഇതിൽ 19701 ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനമുണ്ടാവും. 5000 മൈക്രോ ഒബ്സർവർമാർ നിരീക്ഷകരായി ബൂത്തുകളിലൂടെ സഞ്ചരിക്കും.
വോട്ടെടുപ്പ് ദിനത്തിലെ ക്രമസമാധാന പാലത്തിന് അര ലക്ഷം പൊലീസ് സേനയെ വിന്യസിക്കും. കൂടാതെ 65 കമ്പനി പാരാമിലിറ്ററി സേനയെയും വിന്യസിക്കും. ഇതര സംസ്ഥാന സേനകളുടെ സേവനവും അവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്തും. ദക്ഷിണ കന്നട മണ്ഡലത്തിൽ 18,87,122 വോട്ടർമാരാണ് വിധിയെഴുതുന്നത്.
1876 പോളിങ് ബൂത്തുകൾ സജ്ജമായി. 11000 പൊലീസുകാരെ ബൂത്തുകളിൽ വിന്യസിക്കും.ദാവൻകരെ, ശിവമൊഗ്ഗ, ഉത്തര കന്നട, ബെളഗാവി, വിജയപുര, ബാഗൽകോട്ട്, ഹാവേരി, കൊപ്പാൽ, ധാർവാഡ്, ബെള്ളാരി, റായ്ച്ചൂർ, കലബുറഗി, ബിദർ, ചിക്കോടി എന്നീ മണ്ഡലങ്ങളിൽ മേയ് ഏഴിനാണ് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.