പ്രതീകാത്മക ചിത്രം

സാമ്പാറിൽ ചത്ത പല്ലി; 70 സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബംഗളൂരു: കർണാടകയിലെ ചാമരാജ്നഗറിൽ സർക്കാർ ഹയർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 70 വിദ്യാർഥികൾ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ചികിത്സ തേടി. കുട്ടികൾ സ്കൂളിൽനിന്നും ഉച്ചഭക്ഷണത്തിനൊപ്പം കഴിച്ച സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി.

തിങ്കളാഴ്ച ഉച്ചയോടെ ചാമരാജ്നഗറിലെ ഹാനൂർ താലൂക്കിലെ വടകെഹള്ളി ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിൽ ആകെ 170 വിദ്യാർഥികളാണ് പഠിക്കുന്നത്. തിങ്കളാഴ്ചത്തെ ക്ലാസിൽ 90 കുട്ടികളാണ് പങ്കെടുത്തത്. ഉച്ചഭക്ഷണം കഴിച്ചശേഷം 70 ഓളം വിദ്യാർഥികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടു.

അധ്യാപകർ നടത്തിയ പരിശോധനയിലാണ് ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യമുണ്ടായ വിദ്യാർഥികളെ കൗഡഹള്ളി, രാമപുര എന്നിവിടങ്ങിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി.

ചികിത്സക്കുശേഷം കുട്ടികളെ വീടുകളിലെത്തിച്ചതായും ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും ഹാനൂർ താലൂക്ക് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ സി.എസ്. സ്വാമി പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയിൽ ഹാവേരി ജില്ലയിലെ റാണിബെന്നൂരിലെ വെങ്കടപുര ഗ്രാമത്തിലെ ഗവ. പ്രൈമറി സ്കൂളിലെ ഉച്ചഭക്ഷണത്തിന്​ നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Karnataka: Lizard in mid-day meal sambhar gets 70 school students ill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.