ഭോപാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. നർമദ നദിയിലെ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടം. ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു.
ജബൽപൂരിലെ ഖമാരിയ ദ്വീപിന് സമീപം ബോട്ട് ജീവനക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടെ 43 പേരുമായി പോയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ട് മറിഞ്ഞാണ് അപകടം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന 15 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. അപകടം നടന്നതിന് പിന്നാലെതന്നെ നാലു മരണം റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെയും തുടരുന്ന രക്ഷാപ്രവർത്തനത്തിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഒമ്പതായി ഉയർന്നത്. പൊലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
പെട്ടന്നുണ്ടായ കനത്ത കാറ്റിൽ ബോട്ട് മറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മണിക്കൂറിൽ 60-70 കിലോമീറ്ററിലാണ് കാറ്റ് വീശിയതെന്നും തുടർന്ന് നിയന്ത്രണം വിട്ട് ബോട്ട് മറിയുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ, അമിതഭാരമാണ് അപകടത്തിന് കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
അതേസമയം, ബോട്ട് മുങ്ങാൻ തുടങ്ങിയതിന് ശേഷമാണ് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തതെന്നും സുരക്ഷാ നടപടികളിൽ വീഴ്ചകളുണ്ടെന്നും രക്ഷപ്പെട്ട യാത്രക്കാരിലൊരാൾ പറഞ്ഞു. യാത്രയിൽ മുൻകരുതലുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ക്രൂയിസ് മുങ്ങാൻ തുടങ്ങിയപ്പോൾ പരിഭ്രാന്തി പടർന്നുവെന്നും അതിനുശേഷമാണ് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തതെന്നും അപകടത്തിൽ രക്ഷപ്പെട്ട ജൂലിയസ് പറഞ്ഞു. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചു, മകളെയും പേരക്കുട്ടിയെയും കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.