ന്യൂഡൽഹി: അനധികൃത നിർമാണമെന്ന പേരിൽ കെട്ടിടങ്ങളും മറ്റും തകർക്കുന്ന വിവിധ സംസ്ഥാന സർക്കാറുകളുടെ ബുൾഡോസർ രാജിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. രാജ്യത്ത് ദീർഘകാലമായി നിലനിൽക്കുന്ന അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കുന്നതിനും പൊളിച്ചുനീക്കുന്നതിനുമായി നയം രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി. ഇതുസംബന്ധിച്ച നിവേദനത്തിലെ വിഷയങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
അനധികൃതമായി നിർമിച്ച ദരിദ്രരുടെ പാർപ്പിടങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഏകീകൃത നയം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ ലോ ആൻഡ് ഗുഡ് ഗവേണൻസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
എന്നാൽ, ഇക്കാര്യത്തിൽ രാജ്യവ്യാപകമായി ഒരൊറ്റ നയം നിർദേശിക്കാൻ കോടതി വിസമ്മതിച്ചു. വിഷയം പ്രധാനമായും സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നയപരമായ അധികാരപരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളും യാഥാർഥ്യങ്ങളും വ്യത്യസ്തമായതിനാൽ രാജ്യത്താകെ ബാധകമാകുന്ന ഏകീകൃത നയരൂപരേഖ കോടതി നിർദേശിക്കുന്നത് പ്രായോഗികമോ ഉചിതമോ അല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം, പുതിയ നയങ്ങൾ രൂപവത്കരിക്കുമ്പോഴോ നിലവിലുള്ളവ പുനഃപരിശോധിക്കുമ്പോഴോ ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അർഹമായ പരിഗണന നൽകാമെന്ന് കോടതി പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ ഈ വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കി.
ആന്ധ്രപ്രദേശ്, തെലങ്കാന, ഡൽഹി തുടങ്ങിയിടങ്ങളിൽ അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃത കോളനികളും കെട്ടിടങ്ങളും മതിയായ മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കുന്ന സംഭവങ്ങളുണ്ടെന്നും ബാധിത കുടുംബങ്ങൾക്ക് പുനരധിവാസമോ മറ്റു ക്ഷേമ സംവിധാനങ്ങളോ പലപ്പോഴും ഒരുക്കുന്നില്ലെന്നും ഹരജിക്കാർ ആരോപിച്ചു. പതിറ്റാണ്ടുകളായി ഒരേ സ്ഥലത്തോ കോളനിയിലോ താമസിക്കുന്ന കുടുംബങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ മനുഷ്യാവകാശ കാഴ്ചപ്പാട് കൂടി പരിഗണിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.