കെ.സി. വേണുഗോപാൽ, കിരൺ റിജിജു
ന്യൂഡൽഹി: എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനുള്ള നീക്കത്തെ ചൊല്ലി ലോക്സഭയിൽ പ്രതിഷേധം നയിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവും ഏറ്റുമുട്ടി.
ഒരു ഭാഗത്ത് ആർ.എസ്.എസിന് വിദേശത്തുനിന്നുള്ള സംഭാവനകളെല്ലാം ഉറപ്പാക്കി, മറുഭാഗത്ത് ന്യൂനപക്ഷ വിഭാഗങ്ങളെയും അവരുടെ എൻ.ജി.ഒകളെയും സർക്കാർ ലക്ഷ്യമിടുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. അവസാന നിമിഷമാണ് സർക്കാർ ഇത്തരമൊരു പ്രമേയം പ്രതിപക്ഷ എം.പിമാർക്ക് വിതരണം ചെയ്തതെന്നും അപ്പോൾ മാത്രമാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിക്കുമെന്നാണ് നോട്ടീസിലുള്ളത്. നന്നായി പ്രവർത്തിക്കുന്ന എൻ.ജി.ഒകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ഈ നിയമനിർമാണം. അതുകൊണ്ടുതന്നെ ബിൽ പിൻവലിക്കുകയാണ് വേണ്ടതെന്നും വേണുഗോപാൽ തുടർന്നു.
പ്രതിപക്ഷം ഒന്നടങ്കം എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ അണിനിരന്നിരിക്കുകയാണെന്ന്, വേണുഗോപാലിനെ പിന്തുണച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരല്ലാത്ത ഏത് ബില്ലാണ് ന്യൂനപക്ഷ മന്ത്രി കൂടിയായ റിജിജു ഇതുവരെ കൊണ്ടുവന്നിട്ടുള്ളതെന്നും അഖിലേഷ് ചോദിച്ചു. ബിൽ പൂർണമായും പിൻവലിക്കുകയാണ് വേണ്ടതെന്ന് ഇൻഡ്യ സഖ്യം വിട്ട ഡി.എം.കെയുടെ ബാലുവും പറഞ്ഞതോടെ ഭരണപക്ഷം പൂർണമായും ഒറ്റപ്പെട്ടു.
അതേസമയം, ന്യൂനപക്ഷത്തിനെതിരായ ഏതെങ്കിലും ഒരു വ്യവസ്ഥ ഭേദഗതി ബില്ലിൽ കാണിച്ചുതരാൻ വെല്ലുവിളിച്ച കേന്ദ്ര മന്ത്രി റിജിജു, നിയമാനുസൃതമല്ലാതെ വിദേശത്തുനിന്ന് തോന്നിയപോലെ പണം കൊണ്ടുവന്ന് കൈകാര്യം ചെയ്യാമെന്ന് കരുതേണ്ടെന്നും രാജ്യം ബനാന റിപ്പബ്ലിക്കല്ലെന്നും ഓർമിപ്പിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന ഒരു വ്യവസ്ഥയുമില്ലാതിരുന്നിട്ടും ചില സമുദായങ്ങളെ ലക്ഷ്യമിട്ട് പ്രചാരണമുണ്ടെന്നും എന്നാൽ ഈ നിയമം എല്ലാ സമുദായങ്ങളുടെയും സുരക്ഷക്ക് വേണ്ടിയാണെന്നും റിജിജു അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.