ചെന്നൈ: നീറ്റ്, എഫ്.സി.ആർ.എ ബില്ലുകൾക്കെതിരായ പ്രമേയങ്ങൾ പാസാക്കിയതിന് പിന്നാലെ, കേന്ദ്ര സർക്കാറിന്റെ നിർദിഷ്ട മണ്ഡല പുനർനിർണയ പ്രക്രിയക്കെതിരെയും തമിഴ്നാട് സർക്കാർ നിയമസഭയിൽ സുപ്രധാന പ്രമേയം അവതരിപ്പിച്ചു. നിലവിലുള്ള 543 ലോക്സഭ മണ്ഡലങ്ങളെ അടിസ്ഥാനമാക്കി 2029ലെ പൊതുതെരഞ്ഞെടുപ്പിൽതന്നെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ് ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ സംവരണം സാമൂഹിക നീതിയുടെ ഭാഗമാണെന്നും ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയതിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ പ്രാതിനിധ്യം കുറയരുതെന്നും അദ്ദേഹം പറഞ്ഞു.
മൊത്തം ലോക്സഭാംഗങ്ങളുടെ എണ്ണം നിലവിലെ 543ൽ സ്ഥിരമായി നിലനിർത്തണം. ലോക്സഭാ സീറ്റുകളുടെ അന്തർ സംസ്ഥാന വിഹിതം മരവിപ്പിക്കണം. ജനസംഖ്യയും സംസ്ഥാനങ്ങളും തമ്മിലുള്ള നിലവിലുള്ള 2.2:1 അനുപാതം നിലനിർത്തണം. നിലവിലുള്ള 543 നിയോജകമണ്ഡലങ്ങളെ അടിസ്ഥാനമാക്കി, വരാനിരിക്കുന്ന 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പ്രമേയത്തെ ഡി.എം.കെ പിന്തുണച്ചപ്പോൾ അണ്ണാ ഡി.എം.കെ പ്രമേയത്തിലെ വനിത സംവരണ ആവശ്യത്തെ മാത്രം അനുകൂലിച്ച് നിലപാട് സ്വീകരിച്ചു. ബി.ജെ.പി, പാട്ടാളി മക്കൾ കക്ഷി എന്നിവയും പ്രമേയത്തെ എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.