മുംബൈ: അന്തർ സംസ്ഥാന ലഹരിമരുന്ന് ശൃംഖലയെ തകർത്ത് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്). മുംബൈയിലും ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുമായി നടത്തിയ പരിശോധനകളിൽ 9.4 കോടി രൂപ വിലമതിക്കുന്ന മെത്താംഫിറ്റാമിൻ (മെത്ത്) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇസ്രായേൽ പൗരനും മറ്റ് രണ്ട് വിദേശ വനിതകളും അറസ്റ്റിലായിട്ടുണ്ട്.
മുംബൈയിലെ ബാന്ദ്രയിൽ നിന്നാണ് അന്വേഷണ സംഘം ആദ്യം ലഹരിമരുന്ന് പിടികൂടിയത്. നാല് കോടി രൂപ വിലവരുന്ന 2050 ഗ്രാം മെത്താണ് ഇവിടെ നിന്ന് പിടിച്ചെടുത്തതെന്ന് മഹാരാഷ്ട്ര എ.ടി.എസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു.
ബാന്ദ്രയിലെ പരിശോധനയിൽ പിടിയിലായ ഇസ്രായേൽ പൗരനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നിന്റെ ഉറവിടം വ്യക്തമായത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഒരു ഫാക്ടറിയിൽ നിന്നാണ് താൻ മെത്താംഫെറ്റാമൈൻ വാങ്ങിയതെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
തുടർന്ന് യു.പി പൊലീസിന്റെ സഹായത്തോടെ മഹാരാഷ്ട്ര എ.ടി.എസ് നോയിഡയിലെ ഫാക്ടറിയിൽ മിന്നൽ പരിശോധന നടത്തി. ഇവിടെ നിന്ന് 5.4 കോടി രൂപ വിലവരുന്ന 2688 ഗ്രാം മെത്ത് കൂടി അന്വേഷണ സംഘം കണ്ടെടുത്തു. ഇതിന് പുറമെ ലഹരിമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന നിരവധി സാമഗ്രികളും ഈ ഫാക്ടറിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മിസോറാമിലും സമാനമായ രീതിയിൽ വൻ ലഹരിവേട്ട നടന്നിരുന്നു. ആംബുലൻസിൽ കടത്താൻ ശ്രമിച്ച 45 കോടി രൂപ വിലമതിക്കുന്ന 15 കിലോ മെത്ത് ഗുളികകളാണ് അസം റൈഫിൾസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച സെലിംഗ് മേഖലയിലായിരുന്നു പരിശോധന. രോഗിയെന്ന വ്യാജേന ആംബുലൻസിലുണ്ടായിരുന്ന ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേരാണ് ഈ കേസിൽ അറസ്റ്റിലായത്. ആംബുലൻസും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് അസം റൈഫിൾസ് വ്യക്തമാക്കി. പിടിച്ചെടുത്ത ലഹരിമരുന്നും അറസ്റ്റിലായ പ്രതികളെയും എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള തുടർനടപടികൾക്കും അന്വേഷണത്തിനുമായി ഡി.ആർ.ഐക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.