മൂത്രം നിറച്ച കുപ്പികൾ, അഴുകിയ വസ്ത്രങ്ങൾ; കൻവാർ യാത്ര സമാപിച്ചതോടെ ഹരിദ്വാറിൽ ഉപേക്ഷിക്കപ്പെട്ടത് 7000 ടൺ മാലിന്യം

ഹരിദ്വാർ: കൻവാർ യാത്ര പൂർത്തിയായതിന് പിന്നാലെ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ നഗരഭാഗങ്ങളിൽനിന്ന് നീക്കം ചെയ്തത് വൻ മാലിന്യശേഖരം. ശ്രാവണ മാസത്തിൽ ഗംഗാജലം ശേഖരിക്കാനായി എത്തിയ അഞ്ചുകോടിയോളം തീർഥാടകർ ഹരിദ്വാറിൽ ഉപേക്ഷിച്ചുപോയത് 7000 ടണ്ണിലേറെ തൂക്കം വരുന്ന മാലിന്യ വസ്തുക്കൾ. കടവുകളിലെ വസ്ത്രം മാറുന്ന മുറികളിൽ മൂത്രം നിറച്ച ലക്ഷക്കണക്കിന് കുപ്പികളാണ് തീർഥാടകർ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. ഏറ്റവും പവിത്രമായി കരുതുന്ന 'ഹർ കി പൗരി' ഉൾപ്പെടെ നൂറിലധികം ഘാട്ടുകളിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കൻവാർ ഘടനകളും ചിതറിക്കിടക്കുകയാണെന്ന് അധികൃതർ പറയുന്നു.

കുന്നുകൂടിയ മാലിന്യങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുണ്യനദിയെ വന്ദിക്കാനെത്തി നദിയെത്തന്നെ ഇത്രയും മലിനമാക്കി മടങ്ങുന്ന തീർഥാടകരുടെ നിലപാടിനെതിരെ ശക്തമായ ജനരോഷമാണ് പ്രദേശവാസികളിൽനിന്ന് ഉയരുന്നത്. മാസ്കോ കൈയുറയോ പോലെയുള്ള യാതൊരു സുരക്ഷ മുൻകരുതലുകളുമില്ലാതെ, മൺകോരികൾ ഉപയോഗിച്ചാണ് മൂത്ര കുപ്പികളടക്കം ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്യുന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ശിവരാത്രിക്ക് പിന്നാലെ ഘാട്ടുകളും പാർക്കിങ് കേന്ദ്രങ്ങളും റോഡുകളും ശുചീകരിക്കാൻ നഗരസഭ സംഘം രാത്രി മുഴുവൻ പ്രവർത്തിച്ചതായി മുനിസിപ്പൽ കമീഷണർ നന്ദൻ കുമാർ വ്യക്തമാക്കി. കുന്നുകൂടിയ മാലിന്യത്തിൽനിന്ന് 7,000 ടണ്ണോളം മാലിന്യം ഡംപിങ് യാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ഹരിദ്വാറിലും ഋഷികേശിലും മാത്രമല്ല, ഗംഗയുടെ ഉത്ഭവസ്ഥാനമായ ഉത്തർകാശിയിലെ ഗംഗോത്രിയിലും സ്ഥിതി സമാനമാണ്. തീർഥാടന കാലയളവിൽ 57,000ത്തോളം ആളുകളാണ് ഹിമാലയൻ മേഖലയിലെ ഗംഗോത്രി സന്ദർശിച്ചത്. പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഹിമാലയൻ ആവാസവ്യവസ്ഥയിൽ തീർഥാടകർ വലിയ തോതിൽ മാലിന്യം തള്ളിയത് പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയായിട്ടുണ്ട്. യാത്ര അവസാനിച്ചതിന് പിന്നാലെ വനംവകുപ്പ് നടത്തിയ പ്രത്യേക ശുചീകരണ യജ്ഞത്തിൽ മാത്രം 57 ചാക്ക് മാലിന്യമാണ് ഇവിടുന്ന് ശേഖരിച്ചത്.

Tags:    
News Summary - Urine-filled bottles, rotten clothes; 7000 tonnes of garbage dumped in Haridwar after Kanwar Yatra ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.