ന്യൂഡൽഹി: പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാർക്ക് സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവഴിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് വിനിയോഗിക്കുന്നതിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ ദേശീയ ശരാശരിക്കും താഴെ. ഫണ്ട് ചെലവഴക്കുന്നതിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി എം.പിമാർ ഒരുപോലെ ഉപേക്ഷ വരുത്തുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ദേശീയതലത്തിലെ എം.പി ഫണ്ട് വിനിയോഗം 32.9 ശതമാനമാണെങ്കിൽ കേരളത്തിലേത് 20.56 ശതമാനം മാത്രമാണ്. അതായത് ഫണ്ടിന്റെ അഞ്ചിലൊന്ന് മാത്രമാണ് കേരളത്തിലെ 31 എം.പിമാർ (ലോക്സഭ, രാജ്യസഭ) ചേർന്ന് ചെലവഴിക്കുന്നത്.
രാജ്യത്താകെ 11,620.9 കോടി രൂപ അനുവദിച്ചതിൽ 3,819.2 കോടി വിനിയോഗിച്ചു (32.9 ശതമാനം). കേരളത്തിന് അനുവദിച്ച 520.38 കോടി രൂപയിൽ 107 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത് (20.56 ശതമാനം). സംസ്ഥാനങ്ങളുടെ ശരാശരി വിനിയോഗം 55.3 ശതമാനമാണ്. ഫണ്ട് വിനിയോഗത്തിൽ രണ്ട് എം.പിമാർ മാത്രമുള്ള നാഗാലാൻഡാണ് മുന്നിൽ, 93.9 ശതമാനം.
കേരള എം.പി.മാരിൽ ഏറ്റവും ഉയർന്ന ഫണ്ട് വിനിയോഗിച്ചത് ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് എം.പിയായ ഡീൻ കുര്യാക്കോസാണ്. 14.7 കോടി രൂപ അനുവദിച്ചതിൽ 5.4 കോടി രൂപ അദ്ദേഹം ചെലവഴിച്ചു (36.76 ശതമാനം). 35.6 ശതമാനം വിനിയോഗവുമായി കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രനാണ് രണ്ടാമത്.
2025ൽ നാമനിർദേശം ചെയ്യപ്പെട്ട രാജ്യസഭ അംഗം സി. സദാനന്ദൻ ഫണ്ടിൽ നിന്ന് ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. അദ്ദേഹത്തിന് 7.35 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ എം.പിക്കും പ്രതിവർഷം അഞ്ച് കോടി രൂപ വരെ പ്രാദേശിക വികസന പ്രവൃത്തികൾ ശിപാർശ ചെയ്യാം. പ്രവൃത്തികൾ ശുപാർശ ചെയ്ത ശേഷം പദ്ധതിക്ക് അനുമതി നൽകുകയും പ്രവൃത്തി നടപ്പാക്കുകയും ചെയ്യുന്നത് ജില്ല കലക്ടർമാരാണ്.
പ്രാദേശിക വികസന ഫണ്ടിലെ പ്രവൃത്തി സംബന്ധിച്ച് എം.പി.മാർ പരാതി ഉന്നയിച്ച സാഹചര്യത്തിൽ മൂന്നു വർഷം മുമ്പ് പ്രത്യേക നടപടി ക്രമങ്ങൾ ഏർപ്പെടുത്തി. ഇതനുസരിച്ച് നിർദേശം വന്നാൽ 45 ദിവസത്തിനകം പദ്ധതിക്ക് അനുമതി നൽകുകയോ നിഷേധിക്കുകയോ വേണം. ഒരു വർഷത്തിനകം പണി പൂർത്തിയാക്കണമെന്ന നിർദേശവുമുണ്ട്.
2019 മുതൽ 2024 വരെ കാലയളവിലെ എം.പി ഫണ്ട് വിനിയോഗത്തെക്കുറിച്ച് പഠനം നടത്തിയതായി ലോക്സഭയിൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വകുപ്പ് മന്ത്രി റാവു ഇന്ദ്രജിത് സിങ് അറിയിച്ചിരുന്നു. 94.5 ശതമാനം പദ്ധതികളും പ്രവർത്തിക്കുന്നുണ്ടെന്നും 82.27 ശതമാനം പദ്ധതികളും ശരിയായി പരിപാലിക്കുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേരള എം.പി.മാരുടെ ഫണ്ട് വിനിയോഗം: ഡീൻ കുര്യാക്കോസ് 36.76 ശതമാനം, എൻ.കെ. പ്രേമചന്ദ്രൻ 35.60, വി.കെ. ശ്രീകണ്ഠൻ 32.5, കെ.സി. വേണുഗോപാൽ 29.86, പി.വി. അബ്ദുൽ വഹാബ് 29.81, പ്രിയങ്ക ഗാന്ധി 28.34, ശശി തരൂർ 27.99, പി.ടി. ഉഷ 26.57, എ.എ. റഹീം 25.68, ജെബി മേത്തർ 24.67, കൊടിക്കുന്നിൽ സുരേഷ് 24.24, പി. സന്തോഷ് കുമാർ 24.13, ജോൺ ബ്രിട്ടാസ് 23.37, ഇ.ടി. മുഹമ്മദ് ബഷീർ 19.23, കെ. രാധാകൃഷ്ണൻ 19.09, ബെന്നി ബെഹനാൻ 18.86, അടൂർ പ്രകാശ് 18.80, ഫ്രാൻസിസ് ജോർജ് 18.41, രാജ്മോഹൻ ഉണ്ണിത്താൻ 17.50, കെ. സുധാകരൻ 16.72, ആന്റോ ആന്റണി 16.61, ഹൈബി ഈഡൻ 15.37, പി.പി. സുനീർ 14.69, ജോസ് കെ. മാണി 13.97, ഹാരിസ് ബീരാൻ 13.59, സുരേഷ് ഗോപി 10.89, ഷാഫി പറമ്പിൽ 10.61, വി. ശിവദാസൻ 8.99, അബ്ദുസ്സമദ് സമദാനി 7.32, എം.കെ. രാഘവൻ 5.2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.