ലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂരിൽ 35 വയസുള്ള കർഷകനെ പുള്ളിപ്പുലി കൊന്നു. മുന്നാലാൽ ആണ് ദാരുണമായി മരിച്ചത്. പുള്ളിപ്പുലി പാതി ഭക്ഷിച്ച നിലയിലുള്ള മൃതദേഹം ലോകൈപുര ഗ്രാമത്തിലെ കരിമ്പ്പാടത്ത് നിന്നാണ് കണ്ടെത്തിയത്. തുടർന്ന് ഫോറസ്റ്റ് ഡിപാർട്ട്മെന്റിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഗ്രാമീണർ പ്രതിഷേധം നടത്തി.
മാസങ്ങളായി പ്രദേശത്ത് നരഭോജിക്കടുവകളുടെയും പുലികളുടെയും ശല്യം തുടരുകയാണെന്നു പരാതിപ്പെട്ടിട്ടും അധികൃതർ അവഗണിക്കുകയായിരുന്നുവെന്നാണ് ഗ്രാമീണരുടെ ആരോപണം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനും കുടുംബാംഗങ്ങൾ വിസമ്മതിച്ചു. പുലിയെ പിടികൂടിയതിന് ശേഷം മാത്രം അതെകുറിച്ച് ആലോചിക്കാമെന്നും കുടുംബാംഗങ്ങൾ ഉറപ്പിച്ചുപറഞ്ഞു. പ്രദേശത്ത് പുലിയെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ഫോറസ്റ്റ് റെയ്ഞ്ചർ നരിപേന്ദ്ര ചതുർവേദി ഉറപ്പുനൽകി. അഞ്ചു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു മുന്നാലാൽ.
പണ്ടിപ്പുര ഗ്രാമത്തിലായിരുന്നു മുന്നാലാൽ താമസിച്ചിരുന്നത്. രാവിലെ ഏഴുമണിയോടെയാണ് അദ്ദേഹം കന്നുകാലികൾക്ക് പുല്ല് ശേഖരിക്കാനായി പാടത്തേക്ക് പോയത്. എന്നാൽ ഉച്ചയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുബാംഗങ്ങൾ തിരച്ചിൽ നടത്തുകയായിരുന്നു. ഈ തിരച്ചിലിനൊടുവിലാണ് കരിമ്പ് പാടത്ത് നിന്ന് മുന്നാലിന്റെ പാതിതിന്ന ശരീരം കണ്ടെത്തിയത്.
തുടർന്ന് ഗ്രാമീണർ സംഘടിച്ച് പ്രതിഷേധം നടത്തുകയായിരുന്നു.
കരിമ്പ് പാടത്ത് ഒളിച്ചുനിന്ന പുള്ളിപ്പുലി മുന്നാലാലിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് മുന്നാലാലിനെ ദൂരേക്ക് വലിച്ചുകൊണ്ടുപോയി ഭക്ഷിക്കുകയായിരുന്നു.
സംഭവം അറിഞ്ഞയുടൻ ബി.ജെ.പി എം.എൽ.എ വിനോദ് ശങ്കർ അവാസ്തി സ്ഥലത്തെത്തി. പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കാത്ത ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരെ എം.എൽ.എ വഴക്കു പറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിഡിയോ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പങ്കുവെച്ചു. പാവപ്പെട്ട ഒരു ചെറുപ്പക്കാരന്റെ വികൃതമാക്കപ്പെട്ട നിലയിലുള്ള മൃതദേഹം കാണുമ്പോൾ ആരായാലും വിഷമിച്ചുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ''കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രദേശത്ത് ഒരു കൂട് സ്ഥാപിക്കാനും രാത്രി പട്രോളിങ് നടത്താനും ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി ബി.ജെ.പി എം.എൽ.എ പറഞ്ഞു. ചില വീഴ്ചകൾ സംഭവിച്ചതായും അദ്ദേഹം സമ്മതിച്ചു. നരഭോജിയായ കടുവയെയോ പുള്ളിപ്പുലിയെയോ ഉടൻ പിടികൂടുന്നതിനായി ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു''-എന്നായിരുന്നു അഖിലേഷ് യാദവിന്റെ ട്വീറ്റ്.
ട്വീറ്റിൽ ബി.ജെ.പി എം.എൽ.എ എതിർപ്പു പ്രകടിപ്പിച്ചു. വിഷയം രാഷ്ട്രീയവത്കരിക്കാനല്ല ശ്രമിക്കേണ്ടതെന്നും ഒരു പാവപ്പെട്ട കുടുംബം അനാഥമായതിനെ കുറിച്ചാണ് ആലോചിക്കേണ്ടതെന്നും ബി.ജെ.പി എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.